
കൊച്ചി: ശബരിമല കൊടിമര പുനർനിർമ്മാണത്തിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി നടപടി. സംഭവത്തിൽ തുടർ നടപടികൾ ആവശ്യമില്ലെന്ന് കോടതി ഉത്തരവിട്ടു.
കൊടിമര നിർമ്മാണത്തിനായി ഭക്തരിൽ നിന്നും സിനിമാ താരങ്ങളിൽ നിന്നുമായി ലഭിച്ച സ്വർണം വിനിയോഗിച്ചതിൽ ക്രമക്കേട് നടന്നെന്നായിരുന്നു പരാതി. എന്നാൽ ലഭിച്ച 412 ഗ്രാം സ്വർണവും വാജിവാഹനം, അഷ്ടദിക് പാലകർ എന്നിവയുടെ നിർമ്മാണത്തിനായി പൂർണ്ണമായും ഉപയോഗിച്ചതായി വിജിലൻസ് കോടതിയെ അറിയിച്ചു.
നടന്മാരായ മോഹൻലാൽ, സുരേഷ് ഗോപി, സംവിധായകരായ പ്രിയദർശൻ, രഞ്ജി പണിക്കർ, ഷാജി കൈലാസ് തുടങ്ങി 27 പേരാണ് നിർമ്മാണത്തിനായി സ്വർണം സംഭാവന നൽകിയത്. ഇതിൽ 23 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ബാക്കി നാലുപേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിലുണ്ട്. അന്നത്തെ എ.എസ്.പി കുറുപ്പാണ് സ്വർണം ഏറ്റുവാങ്ങിയതെന്നും ഇതിന് കൃത്യമായ ദേവസ്വം രസീതുകൾ നൽകിയിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി. ഈ റിപ്പോർട്ട് തൃപ്തികരമാണെന്ന് കണ്ടാണ് കോടതി കേസ് തീർപ്പാക്കിയത്.
Irregularities in Sabarimala flagpole construction: High Court closes case













