
ശബരിമല സ്വർണ്ണക്കൊള്ള കേസ് പരിഗണിക്കവെ ഗുരുതരമായ നിരീക്ഷണങ്ങളും പരിഹാസവുമായി സുപ്രീം കോടതി. “ശബരിമലയിൽ ഇനി വല്ല സ്വർണവും ബാക്കിയുണ്ടോ?” എന്ന് ജസ്റ്റിസ് സതീശ് ചന്ദ്രശർമ ചോദിച്ചു. കേസിന്റെ വിശദാംശങ്ങൾ കേൾക്കുമ്പോൾ ഇത്തരം ഒരു ചോദ്യം ചോദിക്കാതിരിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ പ്രതിയും സ്മാർട്ട് ക്രിയേഷൻസ് സിഇഒയുമായ പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ പരാമർശം.
താൻ ഒരു മോഷ്ടാവല്ലെന്നും മംഗൾയാൻ, ചന്ദ്രയാൻ പദ്ധതികളിൽ വരെ സ്വർണ്ണം പൂശുന്ന ജോലി ചെയ്തിട്ടുള്ള വിദഗ്ധനാണെന്നും പങ്കജ് ഭണ്ഡാരി കോടതിയിൽ വാദിച്ചു. തന്റെ സ്ഥാപനം അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നതാണെന്നും സ്വർണ്ണം മോഷ്ടിക്കേണ്ട സാഹചര്യം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഭണ്ഡാരിയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് കോടതി മാർച്ച് ഒൻപതിലേക്ക് മാറ്റി. കേസ് വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം തള്ളിയ കോടതി, ഹോളി അവധിക്ക് ശേഷമേ ഹർജി എടുക്കൂ എന്ന് വ്യക്തമാക്കി.
അതേസമയം, ആരോഗ്യപരമായ കാരണങ്ങൾ കണക്കിലെടുത്ത് കേസിലെ മറ്റൊരു പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മറ്റ് പ്രതികൾക്ക് യാതൊരു വിധത്തിലുള്ള ഇളവുകളും നൽകില്ലെന്ന സൂചനയും കോടതി നൽകി. ഈ കേസിൽ നേരത്തെയും രൂക്ഷമായ വിമർശനങ്ങൾ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. “നിങ്ങൾ ദൈവത്തെപ്പോലും വെറുതെ വിട്ടില്ലല്ലോ” എന്നായിരുന്നു മറ്റൊരു പ്രതിയുടെ ഹർജി പരിഗണിക്കവെ കോടതി മുമ്പ് നടത്തിയ നിരീക്ഷണം.
‘Is Any Gold Still Left in Sabarimala?’: Supreme Court’s Scathing Remark in Gold Theft Case Hearing















