
വാഷിംഗ്ടൺ: ജയിലിൽ മരണപ്പെട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ ഒരു റഷ്യൻ ചാരനായിരുന്നുവെന്ന സംശയവുമായി പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്. എപ്സ്റ്റീനുമായി ബന്ധപ്പെട്ട് അമേരിക്കൻ നീതിന്യായ വകുപ്പ് (DOJ) ദശലക്ഷക്കണക്കിന് ഫയലുകൾ പുറത്തുവിട്ടതിന് പിന്നാലെയാണ് പോളണ്ട് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ വന്നത്. എപ്സ്റ്റീന് റഷ്യൻ ഇൻ്റലിജൻസുമായുള്ള ബന്ധത്തെക്കുറിച്ച് പോളണ്ട് അന്വേഷിക്കുമെന്നും ടസ്ക് പറഞ്ഞു. ഇത് പോളണ്ടിൻ്റെ സുരക്ഷാ താൽപ്പര്യങ്ങളെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“കൂടുതൽ തെളിവുകളും വിവരങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളിലെ ചർച്ചകളും വിരൽ ചൂണ്ടുന്നത് ഈ അഭൂതപൂർവ്വമായ പീഡന പരമ്പര റഷ്യൻ രഹസ്യാന്വേഷണ വിഭാഗം കൂടി ചേർന്നാണ് ആസൂത്രണം ചെയ്തത് എന്ന സംശയത്തിലേക്കാണ്,” – ടസ്ക് പറഞ്ഞതായി ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ രഹസ്യാന്വേഷണ വിഭാഗം ഈ ഓപ്പറേഷനിൽ പങ്കാളികളാകാനുള്ള സാധ്യത പോളണ്ടിൻ്റെ സുരക്ഷയ്ക്ക് എത്രത്തോളം ഭീഷണിയാണെന്ന് പറയേണ്ടതില്ലല്ലോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. ഇന്നു സജീവമായി തുടരുന്ന പല പ്രമുഖ നേതാക്കൾക്കെതിരെയും അവരുടെ പക്കൽ രഹസ്യ വിവരങ്ങൾ ഉണ്ടെന്നാണ് ഇതിനർത്ഥമെന്നും അദ്ദേഹം പറഞ്ഞു.
പുടിനുമായി അടുത്ത ബന്ധം?
ശക്തരായ രാഷ്ട്രീയ നേതാക്കളുമായി എപ്സ്റ്റീന് ഉണ്ടായിരുന്ന വിപുലമായ ബന്ധങ്ങൾ പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു. ആയിരത്തിലധികം രേഖകളിൽ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റ പേര് പരാമർശിക്കുന്നുണ്ട്. മോസ്കോയെക്കുറിച്ച് ഒമ്പതിനായിരത്തിലധികം പരാമർശങ്ങളുണ്ട്. 2008-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടതിന് ശേഷവും എപ്സ്റ്റീന് പുടിനുമായി കൂടിക്കാഴ്ചകൾക്ക് അനുമതി ലഭിച്ചിരുന്നു.
എന്താണ് കോംപ്രൊമാറ്റ് ?
സ്വാധീനമുള്ള വ്യക്തികളെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിനായി അവരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്ന റഷ്യൻ രീതിയാണ് കോംപ്രൊമാറ്റ്. എപ്സ്റ്റീൻ്റെ പക്കൽ ധാരാളം റഷ്യൻ യുവതികൾ ഉണ്ടായിരുന്നതായും ഫയലുകൾ വ്യക്തമാക്കുന്നു. റഷ്യൻ യുവതികൾക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തതിൻ്റെ രേഖകളും ഇതിലുണ്ട്.
ഡോണൾഡ് ട്രംപിനെക്കുറിച്ചുള്ള വിവരങ്ങൾ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന് നൽകാമെന്ന് എപ്സ്റ്റീൻ വാഗ്ദാനം ചെയ്തിരുന്നതായും പുറത്തുവന്ന ഇമെയിലുകൾ സൂചിപ്പിക്കുന്നു.അതേസമയം, അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന കൈവ് ആസ്ഥാനമായുള്ള റിപ്പോർട്ടർ ടാനിയ കോസിറേവയുടെ അഭിപ്രായത്തിൽ, എപ്സ്റ്റീൻ്റെ പ്രവർത്തനം ഒരു ക്ലാസിക് റഷ്യൻ ‘കോംപ്രൊമാറ്റ്’ ഓപ്പറേഷൻ പോലെയാണ് കാണപ്പെടുന്നത്. പടിഞ്ഞാറൻ രാജ്യങ്ങളിലെ പ്രമുഖർ എപ്സ്റ്റീൻ്റെ വലയിൽ അകപ്പെട്ടത് ഇതിൻ്റെ ഭാഗമാകാൻ സാധ്യതയുണ്ടെന്നാണ് അവരുടെ നിരീക്ഷണം.
സംഗതി വലിയ ചർച്ചയായെങ്കിലും ഈ വിഷയത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Is Jeffrey Epstein a Russian spy? Polish Prime Minister makes shocking revelation, announces investigation













