പാലാ നിയോജകമണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥി ചർച്ചയിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിക്ക് പകരം ഭാര്യ നിഷ ജോസ് കെ. മാണിയുടെ പേരും സജീവം. അടുത്തിടെയായി പാലാ മണ്ഡലത്തിലെ മത-സാമുദായിക പരിപാടികളിലും പൊതുചടങ്ങുകളിലും സജീവ സാന്നിധ്യമായി നിഷ പങ്കെടുക്കുന്നുണ്ട്. പുലിയന്നൂർ ക്ഷേത്രത്തിലെ ഉത്സവത്തിൽ നിഷ പങ്കെടുത്തതും ഗാനമേളയിൽ പെൺകുട്ടികളോടൊപ്പം നൃത്തം ചെയ്തതിന്റെ വീഡിയോ വൈറലായിരുന്നു. തുടർന്ന് മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും നിഷ പങ്കെടുക്കുന്നതും ഇതിൻ്റെയെല്ലാം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും പതിവായിട്ടുണ്ട്. ഇതെല്ലാം പാലാ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനുള്ള നിഷയുടെ തയ്യാറെടുപ്പിന്റെ ഭാഗമാണെന്നാണ് എതിർവിഭാഗം കണക്കാക്കുന്നത്. നിഷ സ്ഥാനാർഥിയാകുമോ എന്ന ചോദ്യം മണ്ഡലത്തിൽ ഉയരുന്നുമുണ്ട്. എന്നാൽ ജോസ് കെ മണി ആകട്ടെ ഇതുവരെയും പാലായിൽ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുമില്ല.
അതേസമയം, നിഷ സ്ഥാനാർഥിയായി വരാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് പാലായിൽ പാർട്ടി ചെയർമാൻ തന്നെ മത്സരിക്കുമെന്ന് ഏകപക്ഷീയമായി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചത് എന്നും റിപ്പോർട്ടുകളുണ്ട്. ജോസ് കെ. മാണി വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായായിരുന്നു മൈക്ക് പിടിച്ചുവാങ്ങി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാലായിൽ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് റോഷി പറഞ്ഞത്. തൊട്ടടുത്ത ദിവസവും റോഷി ഇതാവർത്തിച്ച വരുന്നു. എന്നാൽ, ആര് മത്സരിക്കുമെന്ന് ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്ന് ജോസ് ആവർത്തിച്ചതോടെ പാർട്ടിയിൽ ജോസും റോഷിയും രണ്ട് വഴിക്കാണോ എന്ന ചോദ്യവും ഉയർന്നിരുന്നു.
രാജ്യസഭയിൽ അടുത്ത വർഷം ഡിസംബർ വരെ ജോസിന് കാലാവധി ബാക്കിയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ തോൽവി നേരിട്ടത് ഇത്തവണയും ആവർത്തിച്ചാൽ രാജ്യസഭാ സ്ഥാനം കൂടി ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന സാഹചര്യത്തിലാണ് ജോസ് കെ. മാണി ഭാര്യ നിഷയെ പാലായിൽ സ്ഥാനാർഥിയാക്കാൻ ഒരുങ്ങുന്നതെന്നാണ് റോഷിയുടെ അനുയായികൾ കുറ്റപ്പെടുത്തുന്നത്. പാലായിൽ നിഷ വിജയിക്കുകയും ജോസ് കെ. മാണി രാജ്യസഭാംഗമായി തുടരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ പാർട്ടിൽ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുമെന്ന് റോഷി വിഭാഗം കരുതുന്നു. നിഷ വിജയിക്കുകയും ഇടതുമുന്നണി ഭരണത്തിൽ എത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഇടുക്കിയിൽ വിജയിച്ചാൽപോലും റോഷിക്ക് മന്ത്രിസ്ഥാനം കിട്ടണമെന്നില്ല. റോഷിയും പാലാ മണ്ഡലത്തിൽ ചെറുതും വലുതുമായ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.
പാലാ മുനിസിപ്പാലിറ്റിയിലെ ചെയർപേഴ്സണും വൈസ് ചെയർപേഴ്‌സണും വനിതകൾ ആയതിനാൽ നിയമസഭാ മണ്ഡലത്തിലും വനിതാ സ്ഥാനാർത്ഥി വേണമെന്ന് ജോസ് കെ. മാണി വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. സിറ്റിങ് എംഎൽഎ മാണി സി. കാപ്പന് പുറമെ ഷോൺ ജോർജ് എൻഡിഎ സ്ഥാനാർഥിയായി വരുന്നതോടെ നിഷ മത്സരിക്കുകയാണെങ്കിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും റോഷി വിഭാഗം ചൂണ്ടിക്കാട്ടുന്നു. നിഷയുടെ പേരിൽ ജോസും റോഷിയും തമ്മിൽ ഭിന്നത ഉടലെടുത്താൽ അത് കേരള കോൺഗ്രസ് എമ്മിനെ വീണ്ടുമൊരു പിളർപ്പിലെത്തിക്കാനും സാധ്യതയുണ്ട്. എന്നാൽ, നിഷ വരുന്നതിനോട് സിപിഎമ്മിന്റെ നിലപാട് എന്തായിരിക്കുമെന്ന് ഇനിയും വ്യക്തമല്ല.
Is Nisha Jose K. Mani the candidate this time in Pala? Is Nisha active in the constituency?











