കാനഡയിലെ എണ്ണസമ്പന്നമായ ആൽബർട്ട പ്രവിശ്യ, കാനഡയിൽ നിന്ന് വിട്ടുപോകാൻ ആവശ്യപ്പെടുന്നത് രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നു. വിവിധ പ്രസ്ഥാനങ്ങളാണ് ഈ ആവശ്യവുമായി രംഗത്തെത്തുന്നത്. കാനഡയിൽ നിന്ന് വിട്ടുപോയി സ്വതന്ത്ര രാജ്യമാകണമെന്ന ആവശ്യവുമായി രംഗത്തെത്തിയ ആൽബർട്ട പ്രോസ്പെരിറ്റി പ്രോജക്റ്റ് (APP) നേതാക്കൾ അമേരിക്കൻ ഭരണകൂടവുമായി രഹസ്യ ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടുകളാണ് പുതിയ വിവാദത്തിന് കാരണം.
ആൽബർട്ടയുടെ സ്വാതന്ത്ര്യം സംബന്ധിച്ച് ചർച്ച ചെയ്യാൻ APP പ്രതിനിധികൾ കഴിഞ്ഞ മാസങ്ങളിൽ കുറഞ്ഞത് മൂന്ന് തവണ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്. 2026 ഫെബ്രുവരിയിൽ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ പ്രതിനിധികളും ഉൾപ്പെടുന്ന മറ്റൊരു യോഗം കൂടി നടക്കാനിരിക്കുന്നതായും സൂചനയുണ്ട്.
വിട്ടു പോകാനുള്ള റഫറണ്ടം വിജയിച്ചാൽ ‘ആദ്യ ദിനം’ തന്നെ സ്വാതന്ത്ര്യത്തിലേക്ക് കടക്കാൻ 500 ബില്യൺ ഡോളറിന്റെ ധനസഹായം അമേരിക്ക നൽകണമെന്ന ആവശ്യം APP ഉന്നയിച്ചുവെന്ന റിപ്പോർട്ടാണ് ഏറ്റവും കൂടുതൽ വിമർശനം ഉയർത്തുന്നത്. നിയമപ്രകാരം ആൽബർട്ട റഫറണ്ടം നടത്താൻ മേയ് ആദ്യവാരം മുമ്പ് 1.77 ലക്ഷം ഒപ്പുകൾ ശേഖരിക്കണം. കാല്ഗറിയിലും എഡ്മന്റണിലും നടന്ന വലിയ റാലികൾക്ക് ശേഷം പിന്തുണ വർധിച്ചെന്നാണ് APP നേതാക്കളുടെ അവകാശവാദം.
അതേസമയം, ‘ആൽബർട്ട ഫോറവർ കാനഡ’ എന്ന കൂട്ടായ്മ വിട്ടുപോകലിനെതിരെ ആയിരങ്ങളെ അണിനിരത്തിയതായി അറിയിച്ചു. ചില സർവേകൾ പ്രകാരം, ആൽബർട്ടയിൽ 30 ശതമാനം വരെ ആളുകൾ വിട്ടുപോകാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നതായാണ് കണക്കുകൾ. ആൽബർട്ട സ്വതന്ത്രമായാൽ അമേരിക്ക അംഗീകരിക്കുമോ എന്ന കാര്യത്തിൽ മുൻകൂട്ടി നയതന്ത്ര സൂചന തേടിയതായും APP നേതാക്കൾ യുഎസിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
കാനഡയിലെ പത്ത് പ്രവിശ്യകളിൽ ഏറ്റവും സമ്പന്നമായ ആൽബർട്ടയിലാണ് രാജ്യത്തിന്റെ 90 ശതമാനത്തിലധികം തെളിയിക്കപ്പെട്ട എണ്ണശേഖരവും 80 ശതമാനം നിലവിലെ എണ്ണ ഉൽപാദനവും ഉള്ളത്. വിഷയത്തിൽ കാനഡയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ആൽബർട്ട പ്രോസ്പെരിറ്റി പ്രോജക്റ്റിനെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് ദേശീയവാദികൾ രംഗത്തെത്തി. കാനഡയെ പിളർത്താൻ വിദേശരാജ്യത്തോട് സഹായം ചോദിക്കുന്നത് രാജ്യദ്രോഹമാണ് എന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി പറഞ്ഞു. ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ഈ ചർച്ചകളെ അസ്വീകാര്യവും അനൈതികവും എന്ന് വിശേഷിപ്പിച്ചു.
അതേസമയം, കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കണമെന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ആശയത്തെ പിന്തുണയ്ക്കുന്ന MAGA അനുകൂലികളും വിഷയത്തിൽ ഇടപെടുകയാണ്. എന്നാൽ APP നേതാക്കൾ തങ്ങൾ ആവശ്യപ്പെടുന്നത് സ്വാതന്ത്ര്യമാണെന്നും അമേരിക്കയിൽ ലയനം അല്ലെന്നും വ്യക്തമാക്കി. വിഷയത്തിൽ വാഷിങ്ടണിന്റെ ഔദ്യോഗിക പ്രതികരണം നിർണായകമാണ്. സിവിൽ സമൂഹ സംഘടനകളുമായി പതിവായി കൂടിക്കാഴ്ച നടത്താറുണ്ടെന്നും, യാതൊരു വാഗ്ദാനവും നൽകിയിട്ടില്ലെന്നും വൈറ്റ് ഹൗസും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും വ്യക്തമാക്കി.
എന്നാൽ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ ഇടപെടൽ കാനഡയിൽ സംശയം വർധിപ്പിച്ചിട്ടുണ്ട്. ഈ സംഭവവികാസങ്ങൾ കാനഡയുടെ ഫെഡറൽ സംവിധാനത്തെക്കുറിച്ചുള്ള പഴയ ചോദ്യങ്ങൾ വീണ്ടും ഉയർത്തുകയാണ്. ഊർജ നയം, നികുതി വിഭജനം, പരിസ്ഥിതി ചട്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആൽബർട്ടയുടെ അസ്വാരസങ്ങൾ വർഷങ്ങളായി നിലനിൽക്കുന്നതാണ്.
എന്നാൽ, ഇപ്പോൾ അവ അമേരിക്ക പോലുള്ള ബാഹ്യ ശക്തികളുമായി ബന്ധപ്പെടുന്നത് കാനഡ–യുഎസ് ബന്ധം സൂക്ഷ്മമായ ഘട്ടത്തിൽ നിൽക്കുമ്പോഴാണ്. ഈ പശ്ചാത്തലത്തിൽ 1995ലെ ക്യൂബെക്ക് റഫറണ്ടം വീണ്ടും ഓർമിപ്പിക്കപ്പെടുകയാണ്. കാനഡയുടെ ഭരണഘടനാ ചരിത്രത്തിലെ വലിയ ആഘാതമായിരുന്നു അത്. പുതിയ വിട്ടുപോകൽ നീക്കങ്ങൾ വീണ്ടും രാജ്യത്തെ അസ്ഥിരതയിലേക്ക് നയിക്കുമോയെന്ന ആശങ്കയിലാണ് ഒട്ടാവ.
Is oil-rich Alberta leaning towards the US? Talks to leave Canada are tough














