തിരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ നിര്‍ദേശിച്ചതില്‍ ഉറച്ച് നില്‍ക്കുന്നെന്ന് കെ സുധാകരന്‍. രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍ എംപി. കണ്ണൂരില്‍ മത്സരിക്കാത്തത് പാര്‍ട്ടി ആവശ്യപ്പെട്ടത് കൊണ്ടാണ്. താന്‍ പാര്‍ട്ടിക്ക് വിധേയനാണ്. ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് ചില സഹായങ്ങള്‍ ചെയ്യാമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അത് എപ്പോഴാണ് പ്രാവര്‍ത്തികമാക്കുന്നത് എന്നറിയില്ല. പ്രാവര്‍ത്തികമാക്കിയാല്‍ സന്തോഷമെന്നും ഇല്ലെങ്കിലും പ്രശ്‌നമില്ല എന്നും കെ സുധാകരൻ പറഞ്ഞു.
ഒന്നുമില്ലെങ്കിലും കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകനാണ് ഞാന്‍. പ്രവര്‍ത്തിച്ച് പാര്‍ട്ടിക്ക് കരുത്ത് പകരും. താന്‍ പാര്‍ട്ടിക്ക് വിധേയനാണ്. ഒരു ആവശ്യവും മുന്‍പോട്ടുവെച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ ഒരു സീനിയര്‍ നേതാവിനെ ചൂണ്ടിക്കാട്ടി എന്നേയുള്ളു. ആ നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നും താന്‍ വളരെ സന്തോഷവാനാണെന്നും ആത്മവിശ്വാസത്തിലാണെന്നും സുധാകരന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഞങ്ങളെ വിളിച്ച് സംസാരിച്ചു എന്ന് പറയുന്നത് തന്നെ സന്തോഷമുള്ള കാര്യമല്ലേ. കുറേ കാര്യങ്ങള്‍ സംസാരിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവിയെ കുറിച്ച് സംസാരിച്ചു. ഞാനും രാഹുല്‍ ഗാന്ധിയും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവിയില്‍ സംതൃപ്തരാണ്. തൃപ്തികരമായാണ് വിലയിരുത്തിയത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച് വരുമെന്ന തീരുമാനത്തിലെത്തിയാണ് പിരിയുന്നതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
Is UDF’s Chief Minister Ramesh Chennithala? K Sudhakaran says he is firm on his instructions









