
അനിശ്ചിതത്വങ്ങൾക്കും ക്ലബ്ബുകളുടെ സാമ്പത്തിക തർക്കങ്ങൾക്കുമൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) പുതിയ സീസൺ ഫെബ്രുവരി 14-ന് ആരംഭിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടലാണ് ലീഗ് പുനരാരംഭിക്കുന്നതിൽ നിർണ്ണായകമായത്. കായികതാരങ്ങൾക്ക് മത്സരങ്ങൾ നഷ്ടമാകുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി കർശന നിർദ്ദേശം നൽകിയതോടെയാണ് ലീഗ് സംബന്ധിച്ച തീരുമാനമായത്. ഐഎസ്എല്ലിലെ 14 ടീമുകളും സീസണിൽ പങ്കെടുക്കുമെന്നും ആകെ 91 മത്സരങ്ങളാണ് ഉണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി.
ലീഗ് ഗോവയിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന നിർദ്ദേശം മാറ്റി, വിവിധ ടീമുകളുടെ ഹോം ഗ്രൗണ്ടുകളിലും മത്സരങ്ങൾ നടത്താൻ തീരുമാനമായിട്ടുണ്ട്. ഇതനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ചില മത്സരങ്ങൾക്ക് കൊച്ചി വേദിയാകുമെന്നത് ആരാധകർക്ക് ഇരട്ടി മധുരമാണ് നൽകുന്നത്. ഐഎസ്എൽ നടത്തിപ്പിനായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF) 14 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മറ്റ് കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നും കളിക്കാൻ സന്നദ്ധരായ ടീമുകളെ മാത്രം ഉൾപ്പെടുത്തി ലീഗുമായി മുന്നോട്ട് പോകുമെന്നുമുള്ള കേന്ദ്ര നിലപാടിന് മുന്നിൽ ക്ലബ്ബുകൾ വഴങ്ങുകയായിരുന്നു.
രണ്ടിലൊന്ന് തീരുമാനിക്കണമെന്ന കായിക മന്ത്രാലയത്തിന്റെ കർശന നിലപാടിൽ ക്ലബ്ബുകൾക്ക് മറ്റ് ഉപാധികൾ മുന്നോട്ട് വെക്കാൻ സാധിച്ചില്ലെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധിയും മറ്റ് തർക്കങ്ങളും ചൂണ്ടിക്കാട്ടി ക്ലബ്ബുകൾ വിമുഖത കാട്ടിയിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ താല്പര്യം കണക്കിലെടുത്ത് ടീമുകൾ കളത്തിലിറങ്ങാൻ തയ്യാറാവുകയായിരുന്നു. വിശദമായ മത്സരക്രമം ഉടൻ പുറത്തുവിടുമെന്നും ക്ലബ്ബുകളുടെ മറ്റ് പ്രശ്നങ്ങൾ വഴിയെ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.












