ബയ്റുത്ത്: ഇറാൻ- അമേരിക്ക – ഇസ്രയേൽ സംഘർഷത്തിൽ ലെബനനെതിരെ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഇറാൻ്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയുടെ എല്ലാപ്രവർത്തനങ്ങളും അടിയന്തരമായി നിരോധിക്കാൻ ലെബനൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നവഫ് സലാം തിങ്കളാഴ്ച്ച അറിയിച്ചു. ഹിസ്ബുള്ളയുടെ ആക്രമണത്തിനു തിരിച്ചടിയായി ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ലെബനനിലേക്ക് ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഈ അസാധാരണ തീരുമാനം.
ഇസ്രയേലിനുനേരേ ഹിസ്ബുള്ള ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രി ഈ തീരുമാനം പ്രഖ്യാപിച്ചത്. സർക്കാരിലും പാർലമെന്റിലും പ്രാതിനിധ്യമുള്ള സംഘമാണ് ഹിസ്ബുള്ള. അടിയന്തര മന്ത്രിസഭായോഗം ചേർന്നാണ് തീരുമാനമെടുത്തത്. ലെബനൻ്റെ മണ്ണിൽനിന്ന് ഹിസ്ബുള്ള നടത്തുന്ന എല്ലാ സൈനിക, സുരക്ഷാനടപടികളും തള്ളിക്കളയുന്നെന്നും അവ നിരോധിക്കുന്നെന്നും സലാം അറിയിച്ചു. ആയുധങ്ങൾ ഹിസ്ബുള്ള കൈമാറണമെന്നും നിർദേശിക്കുകയും ചെയ്‌തു.
ഹിസ്ബുള്ളയുമായി ബന്ധമുള്ള രാഷ്ട്രീയകക്ഷിയായ അമാൽ മൂവ്മെന്റിലെ രണ്ടുമന്ത്രിമാരും ഹിസ്‌ബുള്ളയിൽനിന്നുള്ള ഒരു മന്ത്രിയും തീരുമാനം അംഗീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ സൈന്യത്തോടും സുരക്ഷാ ഏജൻസികളോടും അദ്ദേഹം നിർദേശിച്ചു. ഇസ്രയേലിനുനേരേ റോക്കറ്റ് അയക്കുന്നവരെയും അതിനു പ്രേരിപ്പിക്കുന്നവരെയും അറസ്റ്റുചെയ്യാൻ സുരക്ഷാ ഏജൻസികളോടു നിർദേശിച്ചതായി നീതിന്യായമന്ത്രി അദെൽ നാസ്സ് അറിയിച്ചു.
Israel attacks Lebanon; Lebanon demands action against Hezbollah, arms transfer









