
ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖാത്തിബിനെ വധിച്ചെന്ന അവകാശവാദവുമായി ഇസ്രയേൽ രംഗത്തെത്തി. രണ്ട് ദിവസത്തിനിടെ ഇസ്രയേൽ വധിക്കുന്ന മൂന്നാമത്തെ ഉന്നത ഇറാനിയൻ നേതാവാണ് ഇദ്ദേഹം. നേരത്തെ ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാറിജാനിയും ബാസിജ് പാരാമിലിട്ടറി ഫോഴ്സ് തലവൻ ഗുലാം റെസ സുലൈമാനിയും കൊല്ലപ്പെട്ടത് ഇറാൻ സ്ഥിരീകരിച്ചിരുന്നു. അയത്തുള്ള അലി ഖമേനിക്ക് ശേഷം ഇറാന്റെ രാഷ്ട്രീയ-സൈനിക നയരൂപീകരണത്തിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന ലാറിജാനിയുടെ മരണം ഇറാന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
യുദ്ധം രൂക്ഷമായതോടെ ഗൾഫ് മേഖലയിലാകെ കനത്ത ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഇറാന്റെ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലും ഖത്തറിലും പെരുന്നാൾ നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തി. തുറസ്സായ സ്ഥലങ്ങളിലെ ഈദ് ഗാഹുകൾ ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചു. ഇതിനിടെ, ഹോർമുസ് കടലിടുക്കിനോട് ചേർന്ന ഇറാന്റെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക കടുത്ത ബോംബാക്രമണം നടത്തി. 5000 പൗണ്ട് ശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബുകളാണ് ഇതിനായി ഉപയോഗിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലേക്ക് ഇറാൻ കടുത്ത പ്രത്യാക്രമണം അഴിച്ചുവിട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. യുഎഇയിലെ ദുബായ് ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി അധികൃതർ വ്യക്തമാക്കി. സംഘർഷം നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിൽ മേഖലയിലെ ഇന്ധന വിതരണത്തെയും ആഗോള സാമ്പത്തിക വ്യവസ്ഥയെയും ഇത് ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
Israel Claims Assassination of Iran’s Intel Chief; West Asia Crisis Deepens as Attacks Escalate
















