ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചെന്ന് ഇസ്രായേൽ അവകാശവാദം; ബസീജ് തലവൻ സുലൈമാനിയും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയും രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളുമായ അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സ്ഥിരീകരിച്ചു. ഫെബ്രുവരി 28-ന് പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തിന്റെ സുരക്ഷാ ചുമതലകൾ ഏകോപിപ്പിച്ചിരുന്നത് ലാരിജാനിയായിരുന്നു.

ലാരിജാനിയെ കൂടാതെ ഇറാന്റെ ആഭ്യന്തര സുരക്ഷാ സേനയായ ‘ബസീജ്’ (Basij) മേധാവി ജനറൽ ഗുലാം റെസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. ഇറാന്റെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് ടെഹ്‌റാൻ, ഷിറാസ്, തബ്രിസ് നഗരങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങൾക്കിടെയാണ് ലാരിജാനി ഉൾപ്പെടെയുള്ള ഉന്നതർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ തീരുമാനങ്ങൾ എടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്ന ലാരിജാനിയുടെ മരണം രാജ്യത്തിന് വലിയ തിരിച്ചടിയാണ്.

അതേസമയം, ലാരിജാനിയുടെ മരണവാർത്ത ഇറാൻ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹം കൊല്ലപ്പെട്ടിട്ടില്ലെന്നും ആക്രമണത്തിന് മുൻപ് എഴുതിയതെന്ന് കരുതുന്ന ലാരിജാനിയുടെ ഒരു കുറിപ്പ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇസ്രായേൽ സൈന്യം ഈ വാദം തള്ളിക്കളയുകയും ലാരിജാനി കൊല്ലപ്പെട്ടതായി ഉറച്ചു പറയുകയുമാണ്. ലാരിജാനിയുടെ മകൻ അലിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ചില ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Israel Claims Assassination of Iran’s Security Chief Ali Larijani and Basij Head in Tehran Strikes

More Stories from this section

family-dental
witywide