ഇറാനിൽ കനത്ത ആക്രമണവുമായി ഇസ്രയേൽ; ഖമേനിയുടെ ഭൂഗർഭ ബങ്കർ തകർത്തു, വർഷിച്ചത് 100 ബോംബുകളെന്ന് ഐ‍ഡിഎഫ്

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണത്തിൽ ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയനിയുടെ ഭൂഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കനത്ത ആക്രമണമാണ് ഇന്ന് ഇസ്രയേൽ നടത്തിയത്. ബങ്കർ തകർക്കാനായി 50 യുദ്ധവിമാനങ്ങൾ അയച്ചെന്നും 100 ബോംബുകൾ വർഷിച്ചെന്നും ആക്രമണത്തിൽ ടെഹ്റാനിലെ ബങ്കർ പൂർണമായും തകർന്നതായും ഐ‍ഡിഎഫ് വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് ബങ്കർ തകർത്തത്. മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ ബങ്കർ ഉപയോഗിച്ചിരുന്നെന്നും ഐഡിഎഫ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ, സൈനിക നടപടിയുടെ അടുത്തഘട്ടം തുടങ്ങിയെന്ന് ഇസ്രയേലും യുദ്ധം ഇനിയും എട്ടാഴ്ച നീളുമെന്ന് അമേരിക്കയും പ്രഖ്യാപിച്ചു. എന്നാൽ, അമേരിക്കയുടെ കരസേനയെ നേരിടാൻ കാത്തിരിക്കുന്നുവെന്നാണ് ഇറാന്റെ പ്രതികരണം. നീണ്ട യുദ്ധത്തിന് തയ്യാറെന്നും മാരകായുധങ്ങളെ നേരിടാൻ തയ്യാറാകൂവെന്നുമാണ് ഇറാന്റെ ഐആർജിസിയുടെ മറുപടി.

അതേസമയം, ഇറാന്റെ പ്രത്യാക്രമണശേഷി 90 ശതമാനം കുറഞ്ഞെന്നാണ് പെന്റഗൺ വാദം. തലസ്ഥാനം ബെയ്റൂത്ത് ഉൾപ്പെടെ തെക്കൻ ലെബനോണിലും ഇസ്രയേൽ സേന കനത്ത ആക്രമണം തുടരുകയാണ്. ഗോലൻ കുന്നുകളിലെ ഇസ്രയേൽ സൈനിക ക്യാംപും ഹൈഫയിലെ നാവിക കേന്ദ്രവും ആക്രമിച്ചെന്ന് ഹിസ്ബുല്ലയും അവകാശപ്പെട്ടു.

Israel launches heavy attack on Iran; Khamenei’s underground bunker destroyed, IDF says 100 bombs dropped

More Stories from this section

family-dental
witywide