
ന്യൂഡൽഹി: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് രാവിലെ 10:18 ന് പിഎസ്എൽവി-സി62 / ഇഒഎസ്-എൻ1 കുതിച്ചുയർന്നു. ഡിആർഡിഒ (DRDO) വികസിപ്പിച്ച അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’യാണ് ഇന്നത്തെ വിക്ഷേപണത്തിലെ പ്രധാന ശ്രദ്ധാ കേന്ദ്രം. ശത്രുക്കളുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാനും അതിർത്തി സുരക്ഷ ശക്തമാക്കാനും സഹായിക്കുന്ന ഒരു ‘സ്പൈ സാറ്റലൈറ്റ്’ ആണിത്. ഐഎസ്ആർഒയുടെ വിശ്വസ്ത വാഹനമായ PSLV-യുടെ 64-ാമത് വിക്ഷേപണമായിരുന്നു ഇത്.
‘അന്വേഷ’ കൂടാതെ 15 സഹ-ഉപഗ്രഹങ്ങളും ഈ ദൗത്യത്തിൽ വിക്ഷേപിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള ധ്രുവ സ്പേസ് എന്ന സ്വകാര്യ കമ്പനിയുടെ 7 ഉപഗ്രഹങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിൽ ധ്രുവ സ്‌പേസ് കൈവരിക്കുന്ന വലിയ നേട്ടംകൂടിയാണിത്.
ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷ (Anvesha – EOS-N1) ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) ആണ് വികസിപ്പിച്ചെടുത്തത്. ‘ഹൈപ്പർസ്പെക്ട്രൽ ഇമേജിങ്’ (Hyperspectral Imaging) സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. സാധാരണ ക്യാമറകൾക്ക് കാണാൻ കഴിയാത്ത വസ്തുക്കളുടെ തനിമ തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.
അതിർത്തി നിരീക്ഷണം, ദേശീയ സുരക്ഷ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. കൃഷി (വിളകളുടെ ആരോഗ്യം), പരിസ്ഥിതി നിരീക്ഷണം, ദുരന്ത നിവാരണം, ഭൂപട നിർമ്മാണം എന്നിവയ്ക്കും ഇത് ഉപകരിക്കും. ഏകദേശം 600 കിലോമീറ്റർ ഉയരത്തിലുള്ള സൂര്യ-സമകാലിക ഭ്രമണപഥത്തിലാണ് (Sun-Synchronous Polar Orbit) ഇത് സ്ഥാപിക്കുന്നത്.
ISRO successfully launches PSLV-C62, the first mission of 2026.














