
ശ്രീഹരിക്കോട്ട: പുതുവർഷം പിറന്ന് രണ്ടാഴ്ച തികയും മുമ്പ് ഐഎസ്ആർഒ 2026 ലെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഇന്നു ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടക്കും. ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – എൻ വൺ(അന്വേഷ) പിഎസ്എൽവി സി62 ഉപയോഗിച്ച് രാവിലെ 10.17ന് വിക്ഷേപിക്കും. കൂടാതെ, യുഎസ്, യുഎഇ, മൊറീഷ്യസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളിൽ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങളും ഉൾപ്പെടുന്നതാണു ദൗത്യം.
‘ഹൈപ്പർസ്പെക്ട്രൽ ഇമേജിങ്’ സാങ്കേതികവിദ്യയുള്ള അന്വേഷ
ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷ (Anvesha – EOS-N1) ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) ആണ് വികസിപ്പിച്ചെടുത്തത്. ‘ഹൈപ്പർസ്പെക്ട്രൽ ഇമേജിങ്’ (Hyperspectral Imaging) സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. സാധാരണ ക്യാമറകൾക്ക് കാണാൻ കഴിയാത്ത വസ്തുക്കളുടെ തനിമ തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.
അതിർത്തി നിരീക്ഷണം, ദേശീയ സുരക്ഷ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. കൃഷി (വിളകളുടെ ആരോഗ്യം), പരിസ്ഥിതി നിരീക്ഷണം, ദുരന്ത നിവാരണം, ഭൂപട നിർമ്മാണം എന്നിവയ്ക്കും ഇത് ഉപകരിക്കും. ഏകദേശം 600 കിലോമീറ്റർ ഉയരത്തിലുള്ള സൂര്യ-സമകാലിക ഭ്രമണപഥത്തിലാണ് (Sun-Synchronous Polar Orbit) ഇത് സ്ഥാപിക്കുന്നത്.
ISRO’s first launch of 2026 is today at 10.17 am.










