ട്രംപില്ലാത്ത വൈറ്റ് ഹൗസിൽ ആകെ നിശബ്ദത, ‘ഹോം എലോണിലെ’ കഥാപാത്രത്തെ പോലെ തോന്നുന്നു’; ട്രംപിൻ്റെ ചൈനീസ് സന്ദർശനത്തിനിടെ തമാശയുമായി വാൻസ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റ് ചൈനാ സന്ദർശന വേളയിൽ വൈറ്റ് ഹൗസിൻ്റ് താൽക്കാലിക ചുമതല വഹിക്കുന്നതിനിടെ രസകരമായ പ്രതികരണവുമായി വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ്. നിലവിലെ തൻ്റെ അവസ്ഥ പ്രശസ്ത ഹോളിവുഡ് ചിത്രമായ ‘ഹോം എലോണി’ൽ ഒറ്റപ്പെട്ടുപോയ പ്രധാന കഥാപാത്രത്തിന് സമാനമാണെന്ന് വാൻസ് മാധ്യമപ്രവർത്തകരോട് തമാശയായി പറഞ്ഞു. ഭരണത്തുടർച്ചയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള യു.എസ്. സീക്രട്ട് സർവീസ് പ്രോട്ടോക്കോൾ അനുസരിച്ച് പ്രസിഡൻ്റും വൈസ് പ്രസിഡന്റും ഒരുമിച്ച് വിദേശയാത്ര നടത്താറില്ല. ഈ നിയമം ചൂണ്ടിക്കാണിച്ചായിരുന്നു വാൻസിൻ്റെ പരാമർശം.

“പ്രസിഡൻ്റ് ചൈനയിൽ ലാൻഡ് ചെയ്ത വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ളതിനാൽ എനിക്ക് അദ്ദേഹത്തോടൊപ്പം വിദേശയാത്ര ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് ഇങ്ങനെയുള്ള ദിവസങ്ങളിൽ ‘ഹോം എലോൺ’ സിനിമയിലെ മക്കൗലി കുൽക്കിനെപ്പോലെയാണ് എനിക്ക് തോന്നാറുള്ളത്. വൈറ്റ് ഹൗസിലേക്ക് കയറി വരുമ്പോൾ തികഞ്ഞ നിശബ്ദതയായിരിക്കും. ആരെയും കാണാനുണ്ടാകില്ല. എന്താണ് സംഭവിക്കുന്നതെന്ന് ഓർത്തെടുക്കാൻ എനിക്ക് ഒരു നിമിഷം വേണ്ടിവരും,” വാൻസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ക്രിസ്മസ് അവധിക്കാലത്ത് കുടുംബം വിദേശത്തേക്ക് പോയപ്പോൾ വീട്ടിൽ ഒറ്റപ്പെട്ടുപോകുകയും, തുടർന്ന് കള്ളന്മാരിൽ നിന്ന് വീട് സംരക്ഷിക്കാൻ പോരാടുകയും ചെയ്യുന്ന എട്ടുവയസ്സുകാരനായ കെവിൻ എന്ന കുട്ടിയുടെ കഥയാണ് 1990-ൽ പുറത്തിറങ്ങിയ ‘ഹോം എലോൺ’ പറയുന്നത്.

തമാശകൾക്കപ്പുറം, രാജ്യത്തെ ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പുകൾക്കെതിരെയുള്ള കർശന നടപടികളും വാൻസ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ട്രംപ് സർക്കാരിൻ്റെ ആൻ്റി-ഫ്രോഡ് ടാസ്‌ക് ഫോഴ്‌സ് നയിക്കുന്ന വാൻസ്, തട്ടിപ്പുകൾ തടയുന്നതിൽ കേന്ദ്ര സർക്കാരുമായി സഹകരിക്കാത്ത സംസ്ഥാനങ്ങൾക്കുള്ള ഫെഡറൽ ഫണ്ടുകൾ നിർത്തലാക്കുമെന്ന് മുന്നറിയിപ്പ് നൽകി.

അതേസമയം, ഔദ്യോഗിക സന്ദർശനത്തിനായി ബീജിംഗിലെത്തിയ യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് ചൈനയിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നിർണായക ഉഭയകക്ഷി ചർച്ചകൾ ഇന്ന് നടക്കും. ശനിയാഴ്ചയോടെ ട്രംപ് അമേരിക്കയിൽ തിരിച്ചെത്തും.

‘It’s completely silent in the White House without Trump, Vance jokes during Trump’s China visit

More Stories from this section

family-dental
witywide