സംസ്ഥാനത്ത് ക്രൈസ്‌തവ വിശ്വാസത്തെയും ആചാരങ്ങളെയും നേതൃത്വത്തെയും അവഹേളിക്കുന്ന സിനിമ, പ്രസിദ്ധീകരണം, ചിത്രങ്ങൾ, എഴുത്ത് തുടങ്ങിയവയ്ക്കെതിരേ നിയമനടപടി ഉറപ്പാക്കണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ ശുപാർശ ചെയ്തു. കേരളത്തിലെ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ജസ്റ്റിസ് ജെ ബി കോശി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. തദ്ദേശസ്ഥാപന പദ്ധതി വിഹിതത്തിന്റെ നിശ്ചിത ശതമാനം ജനസംഖ്യാനുപാതികമായി നാടാർ, ദളിത് ക്രൈസ്‌തവ വിഭാഗങ്ങളുടെ ക്ഷേമത്തിന് വിനിയോഗിക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു.
പഞ്ചായത്തുകൾ രൂപവത്കരിക്കുമ്പോൾ തീരപ്രദേശം ഉൾപ്പെടുത്തണമെങ്കിൽ ഒരുപഞ്ചായത്തിൽ കുറഞ്ഞത് അഞ്ചുകിലോമീറ്റർ തീരപ്രദേശമെങ്കിലും ചേർക്കണം. ദളിത്-നാടാർ ക്രൈസ്തവർ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിൽ വാർഡുകളിൽ പ്രത്യേകം സംവരണം വേണമെന്നും ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പഠിച്ച കമ്മിഷൻ ആവശ്യപ്പെട്ടു.
മറ്റുശുപാർശകൾ
ക്രിസ്ത്യൻ ന്യൂനപക്ഷ സ്കൂളുകളിൽ (എൽ.പി., യു.പി., എച്ച്.എസ്.) പഠിക്കുന്ന കുട്ടികൾക്ക് ഉപരിപഠനത്തിന് അടുത്ത് സൗകര്യമില്ലെങ്കിൽ നിലവിലെ സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യണം
ഓർഫനേജ് കൺട്രോൾ ബോർഡ് അധ്യക്ഷരായി റൊട്ടേഷൻ ക്രമത്തിൽ ക്രൈസ്തവരെയും നിയമിക്കണം
പെൺകുട്ടികളെ നിർബന്ധിത മതപരിപവർത്തനത്തിന് വിധേയരാക്കുന്ന കേന്ദ്രങ്ങൾ ഉണ്ടോയെന്നു പോലീസ് പരിശോധിക്കണം. ഉണ്ടെങ്കിൽ കുറ്റക്കാർക്കെതിരേ നിയമനടപടിയെടുക്കണം
പുതിയവ്യവസ്ഥ പ്രകാരം ക്രിസ്ത്യാനി അല്ലാത്ത ഒരാളെ പള്ളിയിൽ സഭാശുശ്രൂഷനടത്തി വിവാഹം കഴിപ്പിക്കേണ്ട സ്ഥിതിയുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഇത്തരം വിവാഹം നടത്താമെന്നിരിക്കേ പുരോഹിതനെക്കൊണ്ട് നിർബന്ധമായി വിവാഹത്തിന് കാർമികത്വം വഹിക്കാനും ചെയ്തില്ലെങ്കിൽ ശിക്ഷിക്കാനുമുള്ള വ്യവസ്ഥ മതസ്വാതന്ത്ര്യത്തിനെതിരും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ്. അതിനാൽ കേരളാ മാര്യേജ് രജിസ്ട്രേഷൻ ബിൽ-2020 നടപ്പാക്കരുത്.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതും പുതിയതു പണിയാൻ കഴിവില്ലാത്തതുമായ പള്ളികളുടെ കെട്ടിടം പുതുക്കാൻ സഹായം നൽകണം
കേരളത്തിലെ ആംഗ്ലോ-ഇന്ത്യൻ വിഭാഗക്കാരുടെ പാർപ്പിടപ്രശ്‌നം, തൊഴിലില്ലായ്മ, വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ എന്നിവ പഠിക്കാൻ സർക്കാർ ഏജൻസിയെ നിയോഗിക്കണം
സമുദ്രനിരപ്പിൽനിന്ന് താഴെയുള്ള കുട്ടനാടിന് പ്രത്യേകപദവി നൽകി പാർപ്പിടപദ്ധതി നടപ്പാക്കണം
മറ്റുസംസ്ഥാനങ്ങളിൽ മത്സ്യബന്ധനയാനങ്ങൾക്ക് പെർമിറ്റ് ഫീസ് 5000 രൂപവരെയാണ്. കേരളത്തിൽ 52,000 രൂപവരെയും. ഇത് മറ്റുസംസ്ഥാനങ്ങളുടേതിന് സമാനമാക്കണം
J.B. Koshy Commission demands action against insults to Christian faith in the state












