ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾ മറികടന്ന് ‘ജഗ് വസന്ത്’ തീരത്ത്; പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഗുജറാത്തിലെത്തി

അഹമ്മദാബാദ്: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ 23 ദിവസത്തോളം കുടുങ്ങിക്കിടന്ന ഇന്ത്യൻ കപ്പൽ ‘ജഗ് വസന്ത്’ സുരക്ഷിതമായി ഗുജറാത്ത് തീരത്തെത്തി. ഏകദേശം 47,600 മെട്രിക് ടൺ പാചകവാതകവുമായി (LPG) എത്തിയ കപ്പൽ വെള്ളിയാഴ്ച രാവിലെയോടെയാണ് ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്ത് നങ്കൂരമിട്ടത്. രാജ്യത്തെ ഏകദേശം ഒരു ദിവസത്തെ പാചകവാതക ഉപഭോഗത്തിന് തുല്യമായ അളവിലുള്ള ഇന്ധനമാണ് കപ്പലിലുള്ളത്.

മാർച്ച് 23-ന് ഹോർമുസ് കടലിടുക്ക് കടന്ന കപ്പലിന് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ സുരക്ഷാ അകമ്പടി സേവിച്ചിരുന്നു. ജഗ് വസന്തിനൊപ്പം പുറപ്പെട്ട പൈൻ ഗ്യാസ് എന്ന കപ്പൽ 45,000 മെട്രിക് ടൺ എൽപിജിയുമായി ഉടൻ തന്നെ മംഗളൂരു തുറമുഖത്തെത്തും.

ഗുജറാത്ത് തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ നിന്ന് എല്‍പിജി മാറ്റുന്ന മിഡ്-സീ ട്രാൻസ്ഫർ നടപടികള്‍ ഇന്ന് ആരംഭിക്കും. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചാർട്ടർ ചെയ്ത ഈ കപ്പല്‍ ഫെബ്രുവരി 28ന് യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കുവൈറ്റില്‍ നിന്ന് ചരക്ക് കയറ്റിയത്. എന്നാല്‍ ഹോർമുസ് കടലിടുക്ക് അടച്ചതോടെ കപ്പല്‍ അവിടെ കുടുങ്ങുകയായിരുന്നു.

ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഇന്ധന വിതരണം തടസ്സപ്പെടുമെന്ന ആശങ്ക നിലനിൽക്കെ, ഈ കപ്പലുകളുടെ വരവ് രാജ്യത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്. ഇറാനുമായി നടത്തിയ ചർച്ചകള്‍ക്ക് പിന്നാലെയാണ് കപ്പലിന് കടന്നുവരാൻ അനുമതി ലഭിച്ചത്.

‘Jag Vasant’ reaches coast after overcoming crisis in Strait of Hormuz; Indian ship with cooking gas reaches Gujarat

More Stories from this section

family-dental
witywide