ഇന്ത്യയിലെത്തിയ ജപ്പാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജയ്ശങ്കർ; എഐ, സെമികണ്ടക്ടർ ടെക്നോളജി, അപൂർവ്വ ധാതുക്കൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊട്ടേഗിയും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. 18-ാമത് ഇന്ത്യ-ജപ്പാൻ സ്ട്രാറ്റജിക് ഡയലോഗിന്റെ (Strategic Dialogue) ഭാഗമായാണ് ഇരുവരും ചർച്ചകൾ നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടർ ടെക്നോളജി, അപൂർവ്വ ധാതുക്കൾ എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി പുതിയ സംഭാഷണങ്ങൾക്ക് ഇരുവരും തുടക്കം കുറിച്ചു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര സഹകരണം പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്.

നിർണായക ധാതുക്കളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളും ഒരു സംയുക്ത വർക്കിംഗ് ഗ്രൂപ്പിന് രൂപം നൽകി. നിർണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിലൂടെ സെമികണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖലകളിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് ലക്ഷ്യം. നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും അവയുടെ സുരക്ഷിതമായ ഉപയോഗത്തിനും സംയുക്ത പദ്ധതികൾ തയ്യാറാക്കുകയാണ് എഐ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ചൈനയെപ്പോലുള്ള രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ വിശ്വസനീയമായ ഒരു വിതരണ ശൃംഖല കെട്ടിപ്പടുക്കുക എന്നതിലും ഊന്നിയാണ് നീക്കം.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും വിതരണ ശൃംഖലകൾ കൂടുതൽ ശക്തമാക്കുന്നതിനും മുൻഗണന നൽകാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ‘സ്വതന്ത്രവും തുറന്നതുമായ ഇൻഡോ-പസഫിക്’ എന്ന ലക്ഷ്യത്തിനായി ചേർന്ന് പ്രവർത്തിക്കുമെന്ന് മന്ത്രിമാർ ആവർത്തിച്ചു. സമുദ്ര സുരക്ഷ, ഊർജ്ജ സഹകരണം എന്നിവയും ചർച്ചയായി.

2027-ൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. കൂടിക്കാഴ്ചയുടെ ഭാഗമായി എസ്. ജയശങ്കർ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഒപ്പിട്ട ഒരു ബാറ്റ് മൊട്ടേഗിക്ക് സമ്മാനിച്ചു. പകരമായി ജപ്പാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി തോഷിമിറ്റ്സു മൊട്ടേഗി ജയശങ്കറിനും നൽകി.

ജനുവരി 15 മുതൽ 17 വരെയുള്ള തൻ്റെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മൊട്ടേഗികൂടിക്കാഴ്ച നടത്തിയിരുന്നു.

Jaishankar meets Japanese Foreign Minister, discusses issues like AI, semiconductor technology, rare earths

More Stories from this section

family-dental
witywide