പാക്കിസ്ഥാൻ മോശം അയൽരാജ്യം, ഭീകരവാദത്തിനെതിരെ പ്രതിരോധിക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്, മുന്നറിയിപ്പുമായി ജയശങ്കർ

ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി മദ്രാസ്) വിദ്യാർഥികളുമായുള്ള സംവാദത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനെ മോശം അയൽക്കാരൻ എന്ന് വിശേഷിപ്പിച്ചു. ഭീകരവാദം മനഃപൂർവം തുടരുന്ന ഒരു രാജ്യത്തിനെതിരെ ഇന്ത്യയ്ക്ക് പൂർണ അവകാശമുണ്ടെന്നും, സുരക്ഷയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ടാണ് ജയശങ്കർ ഈ നിലപാട് ആവർത്തിച്ചത്.

പാക്കിസ്ഥാനിലെയും പാക്കിസ്ഥാൻ അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ പ്രതിരോധ അവകാശത്തിന്റെ ഉദാഹരണമാണെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. “മോശം അയൽക്കാരുള്ളപ്പോൾ, ആ രാജ്യം ഭീകരവാദം തുടരുമ്പോൾ പ്രതിരോധിക്കാനുള്ള എല്ലാ അവകാശങ്ങളും നമുക്കുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. പഹൽഗാം ആക്രമണത്തിന് പിന്നാലെ 1960-ലെ സിന്ധു നദീജല ഉടമ്പടി നിർത്തിവച്ചതും ജയശങ്കർ ഓർമിപ്പിച്ചു.

ജലപങ്കിടൽ കരാറുകൾ നല്ല അയൽപക്ക ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നും, പതിറ്റാണ്ടുകളായി ഭീകരവാദം തുടരുന്നിടത്തോളം അത്തരം ഗുണങ്ങൾ ലഭിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. “ജലം പങ്കുവെക്കൂ എന്ന് പറയുകയും ഭീകരവാദം തുടരുകയും ചെയ്യാൻ കഴിയില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് വിവിധ തരം അയൽരാജ്യങ്ങളുണ്ടെന്നും, മിക്കവയുമായും നല്ല ബന്ധമാണുള്ളതെന്നും ജയശങ്കർ ഊന്നിപ്പറഞ്ഞു.

More Stories from this section

family-dental
witywide