
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ നിയമനടപടികളുമായി ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം മുന്നോട്ട്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി ഭരിക്കുമെന്ന ബാലന്റെ പരാമർശത്തിനെതിരെ സംഘടന വക്കീൽ നോട്ടീസ് അയച്ചു. പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സംഘടന വ്യക്തമാക്കി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എം ബോധപൂർവ്വം വർഗീയ ധ്രുവീകരണം നടത്തുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ‘അമീർ-ഹസൻ-കുഞ്ഞാലിക്കുട്ടി’ എന്ന പേരിൽ സി.പി.എം ഉയർത്തിയ വർഗീയ പ്രചരണത്തിന്റെ രണ്ടാം പതിപ്പാണിതെന്നും, മുസ്ലിം വിരുദ്ധതയും ഇസ്ലാമോഫോബിയയും പടർത്തി വോട്ട് നേടാനാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് മുതിർന്ന നേതാക്കൾ ശ്രമിക്കുന്നതെന്ന് വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയമായ വിയോജിപ്പുകളെ ആരോഗ്യകരമായി നേരിടുന്നതിന് പകരം വംശീയമായ അധിക്ഷേപങ്ങൾ നടത്തുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അറിയിച്ചു. സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്താനാണ് സംഘടനയുടെ തീരുമാനം. രാഷ്ട്രീയ ലാഭത്തിനായി ഒരു സമുദായത്തെയും സംഘടനയെയും അപകീർത്തിപ്പെടുത്തുന്ന രീതി അനുവദിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.











