
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം അറിയിച്ചു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി ആയിരിക്കുമെന്ന ബാലന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് സംഘടന രംഗത്തെത്തിയത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എം നടത്തുന്ന വർഗീയ അജണ്ടയുടെ ഭാഗമാണിതെന്ന് സംഘടന കുറ്റപ്പെടുത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം വലിയ തോതിൽ പ്രചരിപ്പിച്ച ‘അമീർ-ഹസൻ-കുഞ്ഞാലിക്കുട്ടി’ സഖ്യം എന്ന വിവാദമായ വർഗീയ തിയറിയുടെ തുടർച്ചയാണിതെന്ന് ജമാത്തെ ഇസ്‌ലാമി ആരോപിച്ചു. ഭൂരിപക്ഷ സമുദായത്തിനിടയിൽ ഇസ്‌ലാം ഭീതിയും മുസ്ലിം വിരോധവും പടർത്തി വോട്ട് തട്ടാനുള്ള അപകടകരമായ നീക്കമാണ് ഇടത് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. രാഷ്ട്രീയ വിയോജിപ്പുകളെ നേരിടുന്നതിന് പകരം വംശീയമായ അധിക്ഷേപങ്ങൾ നടത്തുന്നത് ഭരണകക്ഷിക്ക് ചേർന്നതല്ലെന്നും നേതാക്കൾ പറഞ്ഞു.
സമൂഹത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കി അധികാരം നിലനിർത്താനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി ചൂണ്ടിക്കാട്ടി. സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്താനാണ് സംഘടനയുടെ തീരുമാനം. പ്രസ്താവനയിലൂടെ വംശീയമായ ധ്രുവീകരണത്തിനാണ് സി.പി.എം നേതാക്കൾ ശ്രമിക്കുന്നതെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ജമാഅത്തെ ഇസ്‌ലാമി നേതൃത്വം വ്യക്തമാക്കി.











