
ന്യൂഡൽഹി: വിജയ് ചിത്രം ‘ജനനായക’ന്റെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ നിർമാതാക്കൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് തള്ളി. മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഈ വിഷയം ജനുവരി 20-ന് പരിഗണിക്കുന്നുണ്ടെന്നും അതിനാൽ നിലവിൽ ഇടപെടാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിയമപരമായ തടസ്സങ്ങൾ ഉള്ളതിനാൽ നിർമാതാക്കൾക്ക് ഹൈക്കോടതിയെത്തന്നെ സമീപിക്കാമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ 500 കോടി രൂപ മുടക്കി നിർമിച്ച ചിത്രം പൊങ്കൽ സമയത്ത് റിലീസ് ചെയ്തില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകുമെന്നാണ് നിർമാതാക്കൾ വാദിച്ചത്. ഇതും ഹൈക്കോടതിയിൽ ഉന്നയിക്കാനായിരുന്നു സുപ്രീം കോടതി പറഞ്ഞത്.
ജനുവരി 20നാണ് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ഇതോടെ സിനിമയുടെ റിലീസ് നീളുമെന്ന് ഉറപ്പായി. ഇന്നു കേസ് പരിഗണിച്ച കോടതി കുറച്ച് സമയം മാത്രമാണ് വാദത്തിനായി അനുവദിച്ചത്. പിന്നാലെ ഹർജി തള്ളുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അതിവേഗമാണു നിർമാതാക്കൾ പരാതിയുമായി സുപ്രീം കോടതിയിലെത്തിയതെന്നും സെൻസർ ബോർഡിന് വിഷയം പരിഗണിക്കാനുള്ള സമയം നൽകിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
സുപ്രീം കോടതിയിൽ നിന്നുള്ള ഹർജി തള്ളിയതോടെ ചിത്രത്തിന്റെ റിലീസ് വീണ്ടും വൈകും. മദ്രാസ് ഹൈക്കോടതി കേസ് ഇനി പരിഗണിക്കുന്ന ജനുവരി 20-ന് ശേഷം മാത്രമേ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് വ്യക്തത ലഭിക്കൂ.
മതവികാരം വ്രണപ്പെടുത്തുന്നുവെന്നും സായുധ സേനയുടെ അടയാളങ്ങൾ ഉപയോഗിച്ചുവെന്നുമുള്ള പരാതികളെത്തുടർന്ന് സെൻസർ ബോർഡ് (CBFC) ചിത്രത്തിന് അനുമതി നിഷേധിച്ചതാണ് നിലവിലെ നിയമപോരാട്ടത്തിന് കാരണം. മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ചിത്രത്തിന് ‘U/A 16+’ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് വിധിക്ക് സ്റ്റേ നൽകുകയായിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
‘Jananayakan’s release will be delayed further














