
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടപടിയെ ശക്തമായി അപലപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായ പ്രതിഷേധത്തിനിടയിൽ ദേശീയ പതാക വീശുന്നത് കുറ്റമല്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
“ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധത്തിനിടെ ത്രിവർണ്ണ പതാക വീശുന്നത് ഒരു കുറ്റമല്ല. അതിൻ്റെ പേരിൽ യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വമാണ്. വിദ്യാർത്ഥികൾ, യുവാക്കൾ, മാധ്യമപ്രവർത്തകർ, ഇന്ത്യ മുന്നണി- ബാനറുകൾ വ്യത്യാസമായിരിക്കാം, പക്ഷേ ലക്ഷ്യം ഒന്നാണ്. ഭരണഘടനാപരമായ അവകാശങ്ങൾക്കായി ജനങ്ങൾ നടത്തുന്ന പോരാട്ടമാണിത്. ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങളുടേതാണ്. ഞങ്ങൾ അത് തിരിച്ചുപിടിക്കും,” രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. സ്വന്തം രാജ്യത്ത് സ്വന്തം ദേശീയ പതാക വീശുന്നത് കുറ്റമാണോ എന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും ചോദ്യം ചെയ്തു.
സമാധാനാന്തരീക്ഷം തകർക്കില്ലെന്ന ബോണ്ട് ലംഘിച്ചതിനും, പ്രതിഷേധ വിലക്കുള്ള ജന്തർ മന്തറിൽ അതിക്രമിച്ചു കയറിയതിനുമാണ് സി.ജെ.പി നേതാക്കളെ ബുധനാഴ്ച എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി തീഹാർ ജയിലിലേക്ക് അയച്ചത്. ഇവരുടെ കൂട്ടാളി അജിങ്ക്യ ഷിൻഡെയുടെ ജാമ്യനടപടികൾ പുരോഗമിക്കുകയാണ്. വോട്ടർപട്ടിക പുതുക്കിയതിലെ ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച ജന്തർ മന്തറിലെ ബാരിക്കേഡുകൾ തകർത്ത് അകത്തുകയറി പ്രതിഷേധിച്ചതിനാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു. ഇത്തരം ഭീരുത്വ നടപടികൾക്ക് പിന്നിൽ ഒളിച്ചിരിക്കാതെ, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജന്തർ മന്തറിലെ പ്രതിഷേധങ്ങൾ വിലക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിൻ്റെ സമിതി ഉത്തരവിറക്കിയത്. പകരം രാംലീല മൈതാനം, ബുരാരി മൈതാനം എന്നിവ പ്രതിഷേധങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്.
‘Jantar Mantar belongs to the people of India; we will reclaim it’: Rahul Gandhi hits out at the Centre over the arrest of CJP leaders.












