
ന്യൂഡൽഹി: ജപ്പാനും ചൈനയും തമ്മിലുള്ള സമുദ്ര തർക്കം വീണ്ടും രൂക്ഷമായി. ജപ്പാൻ്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (EEZ) അതിക്രമിച്ചു കയറി മീൻപിടിച്ചെന്ന് ആരോപിച്ച് ഒരു ചൈനീസ് കപ്പൽ ജപ്പാൻ ഫിഷറീസ് ഏജൻസി പിടിച്ചെടുത്തു. ക്യാപ്ടനെ അറസ്റ്റ് ചെയ്തതായാണ് വിവരം.
പരിശോധനയ്ക്കായി നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവ് ലംഘിച്ച് കപ്പൽ ഓടിച്ചുപോയതിനെത്തുടർന്ന് കപ്പൽ ക്യാപ്റ്റനായ ഷെങ് നിയാൻലിയെ ആണ് ജപ്പാൻ അധികൃതർ അറസ്റ്റ് ചെയ്തത് .
നാഗസാക്കി പ്രവിശ്യയിലെ മെഷിമ ദ്വീപിന് തെക്ക്-തെക്ക് പടിഞ്ഞാറ് ഏകദേശം 166 കിലോമീറ്റർ അകലെയുള്ള സമുദ്രഭാഗത്തുവെച്ചാണ് സംഭവം നടന്നത്. 2022-ന് ശേഷം ആദ്യമായാണ് ഒരു ചൈനീസ് കപ്പൽ ജപ്പാൻ പിടിച്ചെടുക്കുന്നത്. ജാപ്പനീസ് പ്രധാനമന്ത്രി സാനെ താക്കൈച്ചി തായ്‌വാൻ വിഷയത്തിൽ നടത്തിയ പരാമർശങ്ങളെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരിക്കുന്ന സമയത്താണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
ഈ അറസ്റ്റ് മേഖലയിൽ വലിയ നയതന്ത്ര സംഘർഷത്തിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് അംബാസഡർ നിലവിലെ സാഹചര്യത്തെ അതീവ ഗുരുതരമെന്നാണ് വിശേഷിപ്പിച്ചത്.
Japan seizes Chinese ship for alleged maritime violation, arrests captain, tensions in region














