
ന്യൂഡൽഹി: ജപ്പാനിലെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സനായേ തകായിച്ചി നയിക്കുന്ന ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (LDP) ചരിത്രപരമായ വിജയം നേടിയതിനെത്തുടർന്ന് ജാപ്പനീസ് ഓഹരി വിപണി റെക്കോർഡ് ഉയരത്തിലെത്തി.
ജപ്പാനിലെ പ്രധാന ഓഹരി സൂചികയായ നിക്കി 225 ചരിത്രത്തിലാദ്യമായി 57,000 പോയിൻ്റ് മറികടന്നു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ സൂചിക 5 ശതമാനത്തിലധികം ഉയർന്ന് 57,337.07 എന്ന സർവ്വകാല റെക്കോർഡിലെത്തി. മറ്റൊരു പ്രധാന സൂചികയായ ടോപിക്സും റെക്കോർഡ് ഉയരത്തിലെത്തി.
തകായിച്ചിയുടെ പാർട്ടിക്ക് അധോസഭയിൽ ലഭിച്ച വൻ ഭൂരിപക്ഷം രാജ്യത്ത് രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുമെന്ന നിക്ഷേപകരുടെ പ്രതീക്ഷയാണ് വിപണിക്ക് കരുത്തായത്. ബിസിനസ് സൗഹൃദ നയങ്ങളും സർക്കാർ ചെലവ് വർദ്ധിപ്പിക്കാനുള്ള തകായിച്ചിയുടെ തീരുമാനങ്ങളും വിപണിയിൽ വലിയ ഉണർവുണ്ടാക്കി. ചിപ്പ് നിർമ്മാണ മേഖലയിലെയും പ്രതിരോധ മേഖലയിലെയും ഓഹരികളാണ് പ്രധാനമായും മുന്നേറ്റം നടത്തിയത്.
ജപ്പാൻ്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനാ യേ തകായിച്ചി, ഈമാസം 8-ന് നടന്ന വോട്ടെടുപ്പിലാണ് ഈ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോക നേതാക്കൾ തകായിച്ചിയെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.
Japanese stock market hits record high as Prime Minister Takaichi wins election.















