നാലുപേർക്ക് പുതുജീവനേകുന്ന എറണാകുളം അങ്കമാലിയിൽ ജാസ്‍ലിയ എന്ന വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം. അപകടമുണ്ടാക്കിയ ആളെ പിടികൂടാത്തതിൽ ജാസ്‍ലിയ പഠിച്ച മോർണിങ് സ്റ്റാർ കോളജിലെ വിദ്യാർഥികളും അധ്യാപികയും അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തി. കോട്ടയം അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റെ മകൻ ഡോ. സിറിയക് ആണ് വാഹനം ഓടിച്ചത്.
പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജാസ്‍ലിയയുടെ സംസ്കാരശേഷം സ്റ്റേഷനിലേക്ക് മടങ്ങിയെത്തുമെന്ന് അധ്യാപകരും സഹപാഠികളും വ്യക്തമാക്കി. പ്രതി ഒളിവിലാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അങ്കമാലി എസ്എച്ച്ഒ പറഞ്ഞു. നിലവിൽ കേസിൽ ഒരാൾ മാത്രമാണ് പ്രതി.
ശനിയാഴ്ച വൈകിട്ടായിരുന്നു ദേശീയ പാതയിൽ അങ്കമാലി ടെക് ജങ്ഷന് സമീപം അപകടം. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബിരുദ്ധ വിദ്യാർത്ഥിയായിരുന്ന ജാസ്ലിയ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാർ ഇടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേൽക്കുന്നത്.
അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ ജാസ്ലിയക്ക് ഇന്നലെ പുലർച്ചയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. മസ്തിഷ്കമരണം സംഭവിച്ച ജാസ്‍ലിയയുടെ അവയവങ്ങൾ ദാനം ചെയ്തു. ജാസ്‍ലിയയുടെ കരൾ രാജഗിരി ആശുപത്രിയിലേക്കും, വൃക്ക കോട്ടയം മെഡിക്കൽ കോളേജിലേക്കും നേത്രപടലങ്ങൾ അങ്കമാലി നേത്ര ബാങ്കിലേക്കുമാണ് കൈമാറിയത്.
Jaslia’s death; Protests over not arresting the driver, Jaslia’s return gave new life to four people









