
കേപ് കനാവറൽ (ഫ്ലോറിഡ): ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിൻ്റെ ബഹിരാകാശ കമ്പനിയായ ‘ബ്ലൂ ഒറിജിൻ്റെ’ കൂറ്റൻ റോക്കറ്റ് പരീക്ഷണത്തിനിടെ വൻ സ്ഫോടനത്തോടെ തകർന്നു. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിലെ വിക്ഷേപണ തറയിൽ വെച്ചാണ് ‘ന്യൂ ഗ്ലെൻ’ എന്ന റോക്കറ്റ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം ഒൻപത് മണിയോടെയായിരുന്നു സംഭവം.
റോക്കറ്റ് വിക്ഷേപിക്കുന്നതിന് മുന്നോടിയായി എഞ്ചിനുകൾ ഭൂമിയിൽ ഉറപ്പിച്ചു നിർത്തി പ്രവർത്തിപ്പിച്ചു നോക്കുന്ന ‘ഹോട്ട്-ഫയർ’ പരീക്ഷണമാണ് വിക്ഷേപണ പാഡിൽ നടന്നിരുന്നത്. പരീക്ഷണം തുടങ്ങി നിമിഷങ്ങൾക്കകം റോക്കറ്റിന് തീപിടിക്കുകയും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
സ്ഫോടനം നടക്കുമ്പോൾ ജീവനക്കാരെല്ലാം സുരക്ഷിത അകലത്തിലായിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ബ്ലൂ ഒറിജിൻ അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ വിക്ഷേപണ തറയ്ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പാഡിന് സമീപമുണ്ടായിരുന്ന 600 അടി ഉയരമുള്ള ഒരു മിന്നൽ രക്ഷാ ഗോപുരം സ്ഫോടനത്തിൻ്റെ ആഘാതത്തിൽ തകർന്നു വീണു . മൈലുകളോളം അകലെ വരെ സ്ഫോടന ശബ്ദം കേൾക്കാമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആമസോണിൻ്റെ ‘പ്രോജക്റ്റ് കൈപ്പർ’ ഇൻ്റർനെറ്റ് ശൃംഖലയുടെ 48 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനാണ് 321 അടി ഉയരമുള്ള ഈ കൂറ്റൻ റോക്കറ്റ് തയ്യാറാക്കിയിരുന്നത്. പരീക്ഷണ സമയമായിരുന്നതിനാൽ ഈ ഉപഗ്രഹങ്ങൾ റോക്കറ്റിൽ ഘടിപ്പിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഉപഗ്രഹങ്ങൾ സുരക്ഷിതമാണ്.
അപകടത്തിന് കാരണമായ സാങ്കേതിക തകരാറിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ബ്ലൂ ഒറിജിൻ മേധാവി ജെഫ് ബെസോസ് അറിയിച്ചു. റോക്കറ്റ് നിർമ്മാണം കഠിനമായ പ്രക്രിയയാണെന്നും, തങ്ങൾ ബ്ലൂ ഒറിജിനൊപ്പം നിൽക്കുന്നുവെന്നും എതിരാളിയായ സ്‌പേസ് എക്‌സ് ഉടമ ഇലോൺ മസ്ക് എക്സിൽ കുറിച്ചു.
ഭാവിയിൽ നാസയുടെ ചാന്ദ്ര ദൗത്യങ്ങൾക്ക് ഉപയോഗിക്കാൻ ഇരുന്ന റോക്കറ്റാണിത്. ഈ അപകടം നാസയുടെ പദ്ധതികളെ ബാധിക്കുമോ എന്ന് വരും ദിവസങ്ങളിലേ വ്യക്തമാകൂ.
Jeff Bezos’ Blue Origin rocket explodes during test in Florida; no injuries














