കോൺഗ്രസിലേക്കില്ല, സിപിഎം വിടുമെന്നത് വ്യാജ വാർത്ത, അഭ്യൂഹങ്ങൾ തള്ളി സി.കെ.പി പത്മനാഭൻ; ‘സുധാകരന്‍റേത് വ്യക്തിപരമായ സന്ദർശനം’

കണ്ണൂർ: സിപിഎം വിട്ട് കോൺഗ്രസിലേക്ക് ചേരുന്നുവെന്ന പ്രചാരണം പൂർണ്ണമായും തള്ളി മുതിർന്ന നേതാവും മുൻ എംഎൽഎയുമായ സി.കെ.പി പത്മനാഭൻ. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ തന്നെ വീട്ടിലെത്തി സന്ദർശിച്ചത് രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമല്ലെന്നും കേവലം വ്യക്തിപരമായ സന്ദർശനം മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രോഗവിവരങ്ങൾ തിരക്കാനാണ് സുധാകരൻ എത്തിയതെന്നും രാഷ്ട്രീയ കാര്യങ്ങൾ ഒന്നുംതന്നെ സംസാരിച്ചിട്ടില്ലെന്നും സി.കെ.പി മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് സംസാരിക്കാനാണ് സുധാകരൻ വന്നത്. അന്ന് ഒപ്പമുണ്ടായിരുന്നവർ എടുത്ത ഫോട്ടോയാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടത്. പാർട്ടിയിൽ തനിക്ക് മതിയായ അംഗീകാരമുണ്ടെന്നും ചില കാര്യങ്ങളിൽ വിമർശനങ്ങളുണ്ടെന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരമൊരു കള്ളവാർത്തയ്ക്ക് പിന്നിൽ ആരാണെന്ന് പാർട്ടി സഖാക്കൾ തന്നെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെറ്റായ വാർത്തകളുടെ ഉറവിടം കണ്ടെത്താൻ ആവശ്യമെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും സി.കെ.പി പത്മനാഭൻ മുന്നറിയിപ്പ് നൽകി. തളിപ്പറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ പത്മനാഭൻ, ജില്ലയിലെ അറിയപ്പെടുന്ന സിപിഎം നേതാക്കളിലൊരാളാണ്. സുധാകരന്റെ സന്ദർശനത്തോടെ അദ്ദേഹം പാർട്ടി വിടുമെന്ന തരത്തിൽ വലിയ തോതിൽ രാഷ്ട്രീയ അഭ്യൂഹങ്ങൾ പടർന്നിരുന്നു.

More Stories from this section

family-dental
witywide