ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര എഐ ഇംപാക്ട് ഉച്ചകോടിയിൽ ഇന്ത്യ മുന്നോട്ടുവെച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ജനാധിപത്യവത്ക്കരണമെന്ന നിർദ്ദേശം ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച എ ഐയിൽ മാനുഷിക മുഖമുള്ള പുതിയ ഭരണരൂപരേഖ ‘മാനവ്’ (MANAV) ആണ് ലോക രാജ്യങ്ങൾ അംഗീകരിച്ചത്. ചൈന, അമേരിക്ക, റഷ്യ ഉൾപ്പെടെ 88 രാജ്യങ്ങൾ പങ്കുചേർന്ന സംയുക്ത പ്രഖ്യാപനത്തിൽ ‘വസുധൈവ കുടുംബകം’ എന്ന ഭാരതീയ ദർശനം എഐ ഉപയോഗത്തിലും ഉറപ്പുവരുത്തണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്ക് ഒരുപോലെ ലഭ്യമാകണമെന്ന് പ്രഖ്യാപനം ഊന്നിപ്പറയുന്നു.
സുരക്ഷിതവും വിശ്വാസയോഗ്യവുമായ എഐ സംവിധാനങ്ങൾ സാമൂഹിക-സാമ്പത്തിക വികസനത്തിന് അനിവാര്യമാണെന്നാണ് ഉച്ചകോടിയുടെ പൊതുവികാരം. വികസിത രാജ്യങ്ങളിൽ മാത്രം സാങ്കേതിക വിദ്യ ഒതുങ്ങിനിൽക്കാതെ വികസ്വര രാജ്യങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കണം. എഐ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തന്നെ പുതിയ കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഉച്ചകോടിയിൽ സ്വീകരിച്ചിരിക്കുന്നത്.
എഐ മേഖലയിലെ ഡിജിറ്റൽ വിഭജനം ഒഴിവാക്കണമെന്ന ഇന്ത്യയുടെ നിലപാടിന് ആഗോളതലത്തിൽ വലിയ പിന്തുണയാണ് ലഭിച്ചത്. ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളെല്ലാം ഒരേ സ്വരത്തിൽ ഈ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത് വലിയ ചരിത്ര നേട്ടമായി വിലയിരുത്തപ്പെടുന്നു. വരും തലമുറയുടെ സുരക്ഷയും പുരോഗതിയും മുൻനിർത്തിയുള്ള സാങ്കേതിക മുന്നേറ്റത്തിന് ഈ സംയുക്ത പ്രഖ്യാപനം കരുത്തേകും.











