
കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി വ്യക്തമാക്കി. യുഡിഎഫിലേക്ക് മടങ്ങുമെന്ന വാർത്തകൾ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. തങ്ങളെ ചവിട്ടിപ്പുറത്താക്കിയ യുഡിഎഫിലേക്ക് ഇനിയൊരു മടക്കമില്ലെന്നും, പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ സംരക്ഷിച്ചത് പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതാക്കളുമായി യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്നും ആ അധ്യായം എന്നെന്നേക്കുമായി അടഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനോട് 13 സീറ്റുകൾ ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷക്കാലം ജനകീയ വിഷയങ്ങളിൽ ഇടപെടാൻ പാർട്ടിക്കായെന്നും ബഫർ സോൺ, വന്യമൃഗശല്യം, മുനമ്പം പ്രശ്നം തുടങ്ങിയവയിൽ കേരള കോൺഗ്രസ് നടത്തിയ ഇടപെടലുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണിയിലാണെങ്കിലും ചില വിഷയങ്ങളിൽ ഭരണപക്ഷത്തെ തിരുത്താനും വേറിട്ട നിലപാട് സ്വീകരിക്കാനും പാർട്ടിക്കായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതിപക്ഷത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായും കഴിഞ്ഞ അഞ്ച് വർഷം അവർ പരാജയമായിരുന്നുവെന്നും ജോസ് കെ മാണി വിമർശിച്ചു. കേവലം ആരോപണങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന രാഷ്ട്രീയമാണ് യുഡിഎഫ് പയറ്റുന്നത്. സാഹചര്യത്തിനനുസരിച്ച് കൂടുതൽ സീറ്റുകൾ ചോദിക്കാൻ മടിക്കില്ലെന്നും, പാർട്ടിയുടെ വിശ്വാസ്യത തകർക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് മുന്നണി മാറ്റ വാർത്തകൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കണോ എന്ന മറുചോദ്യമാണ് അദ്ദേഹം നൽകിയത്.










