മുന്നണിമാറ്റം അജണ്ടയിലെ ഇല്ല; എൽഡിഎഫിൽ തുടരുമെന്ന് ആവർത്തിച്ച് ജോസ് കെ മാണി

എൽഡിഎഫിൽ തുടരുമെന്ന് ആവർത്തിച്ച് ജോസ് കെ മാണി. കേരള കോൺഗ്രസ് എം എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് അത്തരം വാർത്തകളെ പൂർണ്ണമായും തള്ളി ജോസ് കെ മാണി രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് നടക്കുന്ന കേരള കോൺഗ്രസ് എം സംസ്ഥാന തല സ്റ്റിയറിങ് കമ്മിറ്റിയിൽ നേതാക്കൾ ഒരുമിച്ചാണ് പങ്കെടുക്കുക.

മീറ്റിംഗിൽ ജില്ലാ തലത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വിലയിരുത്തൽ ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. മൂന്ന് പ്രദേശങ്ങളിൽ ജാഥകൾ ഉണ്ട്. മുന്നണിമാറ്റം അജണ്ടയിലെ ഇല്ല. അത് ഒരിക്കലും തുറക്കാത്ത പുസ്‌തകം. തുറക്കുന്നവർ അത് വായിച്ചിട്ട് അടക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

അതേസമയം, മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി താൻ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഓരോ മണിക്കൂർ കൂടുമ്പോഴും നിലപാടുകൾ മാറ്റിപ്പറയുന്ന സ്വഭാവം കേരള കോൺഗ്രസിനില്ലെന്നും, പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ സുതാര്യവും ഉറച്ചതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നണി മാറ്റം സംബന്ധിച്ച പാർട്ടിയുടെ ഔദ്യോഗിക നിലപാട് ചെയർമാൻ ജോസ് കെ. മാണി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ചെയർമാൻ പറഞ്ഞതിനപ്പുറം തനിക്ക് ഈ വിഷയത്തിൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത കെട്ടുകഥകളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും, ഇടതുമുന്നണിയിൽ ഉറച്ചുനിന്ന് പ്രവർത്തിക്കാനാണ് പാർട്ടിയുടെ തീരുമാനമെന്നും മന്ത്രി പ്രതികരിച്ചു.

Jose K Mani reiterates that he will continue in LDF

More Stories from this section

family-dental
witywide