
കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പാലാ മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ആവർത്തിച്ചു വ്യക്തമാക്കി. നേരത്തെ പറഞ്ഞത് പെട്ടെന്നുള്ള ചോര തിളപ്പിൽ പറഞ്ഞത് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഇടുക്കിയിൽ ഉണ്ടാകുമെന്നും റോഷി കൂട്ടിച്ചേർത്തു.
കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇടുക്കി ജനതയ്ക്ക് ഒപ്പമാണ്. പിന്നെന്തിന് താൻ ഇടുക്കിയിൽ നിന്നും മാറി നിൽക്കണം. തെരഞ്ഞെടുപ്പിൽ മത്സരിച്ചാലും ഇല്ലെങ്കിലും ഇടുക്കിക്കാർക്കൊപ്പം ഉണ്ടാകുമെന്നും റോഷി പറഞ്ഞു. കേരള കോൺഗ്രസ് നാഥനില്ലാത്ത കളരി അല്ലെന്നും പാർട്ടിക്ക് വേണ്ടത് ലീഡർഷിപ്പാണെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അടിമാലിയിൽ നടന്ന എൽ.ഡി.എഫ് റാലിക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ജോസ് കെ. മാണി മറുപടി പറയുന്നതിനിടെ മൈക്ക് വാങ്ങി റോഷി അഗസ്റ്റിൻ ഈ പ്രഖ്യാപനം നടത്തിയിരുന്നു. പിന്നീട് ഫെബ്രുവരി 13-നും താൻ ഇത് “ചോരത്തിളപ്പിൽ” പറഞ്ഞതല്ലെന്നും ആലോചിച്ചുറപ്പിച്ച കാര്യമാണെന്നും അദ്ദേഹം ആവർത്തിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ സിറ്റിംഗ് എം.എൽ.എ ആയ മാണി സി. കാപ്പനോട് ജോസ് കെ. മാണി പരാജയപ്പെട്ടിരുന്നു. പാലായിലുണ്ടായ പഴയ വീഴ്ചകൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും റോഷി അഗസ്റ്റിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം, താൻ മത്സരിക്കുമെന്ന കാര്യത്തിൽ പോലും ഉറപ്പില്ലെന്ന് ജോസ് കെ മാണി കൊച്ചിയിൽ പ്രതികരിച്ചത്.
കേരള കോൺഗ്രസിനുള്ളിലും എൽ.ഡി.എഫിലും ഈ പ്രഖ്യാപനം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സ്ഥാനാർത്ഥി നിർണ്ണയം പാർട്ടി ചെയർമാൻ്റെ ചുമതലയായിരിക്കെ റോഷി അഗസ്റ്റിൻ മുൻകൂട്ടി നടത്തിയ ഈ പ്രഖ്യാപനത്തിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുള്ളതായും റിപ്പോർട്ടുകളുണ്ട്.
Jose K Mani will contest from Pala’; Roshi reiterates














