
കോട്ടയം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി (LDF) വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഇന്ന് രാവിലെ 11:30-ന് കോട്ടയത്ത് മാധ്യമങ്ങളെ കാണും. ബുധനാഴ്ച രാവിലെ 11.30ന് കോട്ടയത്തു കാണാം എന്നാണ് ജോസ്.കെ മാണി മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞദിവസം വിദേശത്തുനിന്നും പാലായിലെ വസതിയിലെത്തിയപ്പോൾ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോടാണ് പത്രസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കാമെന്ന് പാർട്ടി ചെയർമാൻ വ്യക്തമാക്കിയത്.
തിരുവനന്തപുരത്ത് നടന്ന എൽഡിഎഫ് പ്രതിഷേധ പരിപാടിയിൽ നിന്നും പാർലമെന്ററി പാർട്ടി യോഗങ്ങളിൽ നിന്നും ജോസ് കെ. മാണി വിട്ടുനിന്നത് മുന്നണി മാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. യുഡിഎഫിലേക്ക് മടങ്ങാൻ കോൺഗ്രസ് ഹൈക്കമാൻഡ് അദ്ദേഹത്തെ ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, തന്റെ അസാന്നിധ്യം വ്യക്തിപരമായ കാരണങ്ങളാലാണെന്നും മുന്നണി മാറ്റത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം നേരത്തെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.
പത്രസമ്മേളനം വിളിച്ച സാഹചര്യത്തിൽ മന്ത്രി വി.എൻ. വാസവൻ ജോസ് കെ. മാണിയെ ഫോണിൽ വിളിച്ചു. ഇന്നു രാവിലെ ശബരിമലയിൽ നിന്നാണ് വി.എൻ. വാസവൻ ജോസ് കെ. മാണിയെ വിളിച്ചത്.
അതേസമയം മുന്നണി മാറ്റത്തെച്ചൊല്ലി പാർട്ടിയിൽ ഭിന്നതയുണ്ടെന്നാണ് സൂചന. മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയും എൽഡിഎഫിൽ തന്നെ തുടരുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നത്തെ പത്രസമ്മേളനത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് അദ്ദേഹം അന്തിമ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പിന്നാലെ ജനുവരി 16-ന് പാർട്ടിയുടെ സുപ്രധാന സ്റ്റിയറിംഗ് കമ്മിറ്റി യോഗവും നിശ്ചയിച്ചിട്ടുണ്ട്.
Jose K Mani’s press conference soon













