
കേരള സംസ്ഥാനത്തെയും ആഗോള മലയാളി സമൂഹത്തെയും ബന്ധിപ്പിക്കുന്നതിനായി രൂപീകരിച്ച ലോക കേരളസഭയുടെ അഞ്ചാം സമ്മേളനത്തിൽ അമേരിക്കയിൽ നിന്ന് ജോസ് മണക്കാട്ടും പ്രതിനിധിയായി എത്തുന്നു. കേരള സര്‍ക്കാരും നോര്‍ക്ക വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 5-ാം ലോക കേരള സഭയിലേക്ക് അമേരിക്കന്‍ പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ചാണ് ജോസ് മണക്കാട്ട് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നത്. അമേരിക്കയിലെ ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡൻ്റാണ് ജോസ് മണക്കാട്ട്.
ജനുവരി 29, 30, 31 തീയതികളിൽ തിരുവനന്തപുരത്താണ് ലോക കേരളസഭയുടെ അഞ്ചാം സമ്മേളനം നടക്കുന്നത്. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ പൊതുസമ്മേളനവും 30, 31 തീയതികളിൽ നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ പ്രതിനിധി സമ്മേളനവും നടക്കും. ജനുവരി 30 ന് രാവിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും.
വിദേശരാജ്യങ്ങളിലും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള പ്രവാസികൾ, വിവിധമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തിത്വങ്ങൾ, ഒ.സി.ഐ കാർഡ് ഉടമകൾ, പ്രവാസം അവസാനിപ്പിച്ചു തിരിച്ചെത്തിയവർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
2018ൽ 36 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾക്കൊള്ളിച്ച് ആരംഭിച്ച ലോക കേരള സഭ, അഞ്ചാം സമ്മേളനത്തിലെത്തുമ്പോൾ 125 രാജ്യങ്ങളിലേക്ക് പ്രാതിനിധ്യം വിപുലീകരിച്ചിട്ടുണ്ട്. കേരള നിയമസഭയിലെ അംഗങ്ങൾക്കും കേരളത്തെ പ്രതിനിധീകരിക്കുന്ന പാർലമെൻറ് അംഗങ്ങൾക്കുമൊപ്പം രാജ്യത്തിന് അകത്തും പുറത്തും വസിക്കുന്ന നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രവാസി പ്രതിനിധികളും ചേരുന്നതാണ് സഭയുടെ അംഗബലം.
Jose Manakatte from America will be a representative of Loka KeralaSabha 5th sammelanam















