നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം വർഗീസിന് സ്ഥലംമാറ്റം, ഇനി ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി

നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായക വിധി പ്രസ്താവിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനെ ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായി നിയമിച്ചു. കേരള ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഹണി എം. വർഗീസിന് പകരം ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ. ബാലകൃഷ്ണനെ എറണാകുളത്ത് നിയമിച്ചു. ജുഡീഷ്യറിയിലെ പൊതുവായ സ്ഥലംമാറ്റ നടപടികളുടെ ഭാഗമായാണ് ഈ ഉത്തരവ്.

നടി ആക്രമിക്കപ്പെട്ട കേസിൽ വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യപ്രകാരം 2019-ലാണ് ഹണി എം. വർഗീസിനെ വിചാരണയ്ക്കായി നിയോഗിച്ചത്. പിന്നീട് ഇവർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും കേസിന്റെ വിചാരണയും ഇതേ കോടതിയിലേക്ക് മാറ്റിയിരുന്നു. വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ 2025 ഡിസംബർ എട്ടിന് ഹണി എം. വർഗീസ് കേസിൽ വിധി പ്രസ്താവിച്ചു. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികളെ 20 വർഷം കഠിനതടവിനും നടൻ ദിലീപ് അടക്കം നാല് പേരെ വിട്ടയയ്ക്കാനും ഉത്തരവിട്ടത് ഇവരുടെ കോടതിയായിരുന്നു.

സാധാരണ മൂന്നു വർഷം കൂടുമ്പോൾ ജഡ്ജിമാർക്ക് സ്ഥലംമാറ്റം ഉണ്ടാകാറുണ്ടെങ്കിലും നടി ആക്രമിക്കപ്പെട്ട കേസിന്റെ നടപടികൾ പൂർത്തിയാകാത്തതിനാലാണ് ഹണി എം. വർഗീസ് എറണാകുളത്ത് തുടർന്നത്. വിധി വന്നതിന് പിന്നാലെ മാറ്റമുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും രണ്ടു മാസത്തിന് ശേഷമാണ് ഇപ്പോൾ നടപടിയുണ്ടാകുന്നത്. ഇവർക്കൊപ്പം മറ്റ് ചില ജില്ലാ ജഡ്ജിമാർക്കും മാറ്റമുണ്ട്; തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.എസ്. ശശികുമാറിനെ തൃശൂരിലേക്കും മാറ്റിയിട്ടുണ്ട്.

Judge Honey M. Varghese Transferred to Alappuzha; K.K. Balakrishnan to be New Ernakulam Principal District Judge

More Stories from this section

family-dental
witywide