‘കേരളത്തിൽ ഭരണത്തുടർച്ച വേണ്ട, ജനാധിപത്യത്തിന് നല്ലതല്ല’; ബംഗാൾ ഉദാഹരണമെന്ന നിലപാടിലുറച്ച് സച്ചിദാനന്ദൻ, ‘കോൺഗ്രസ് 10 വർഷം ഭരിച്ചാലും ഇത് തന്നെ നിലപാട്’

കേരളത്തിൽ ഭരണത്തുടർച്ച വേണ്ടെന്ന നിലപാടിലുറച്ച് കവി കെ സച്ചിദാനന്ദൻ. ജനാധിപത്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മാറിമാറി വരുന്നതാണ് നല്ലതെന്നും കേരളത്തിൽ രണ്ട് മുന്നണികളും അധികാരത്തിൽ മാറിമാറി വരണമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. ബംഗാളിൽ ഇടത് മുന്നണിക്ക് സംഭവിച്ചത് ഇതിന് വലിയ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പാർട്ടി തന്നെ ദീർഘകാലം അധികാരത്തിൽ ഇരിക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.

ഏത് ജനാധിപത്യ സംവിധാനത്തിലും ശക്തമായ പ്രതിപക്ഷം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പത്ത് വർഷം തുടർച്ചയായി ഭരിച്ചാലും തന്റെ നിലപാട് ഇത് തന്നെയാകുമായിരുന്നു. കേരളത്തിൽ ‘ഇന്ത്യ’ സഖ്യം ഒന്നിച്ച് നിൽക്കണമെന്ന് താൻ പറയുന്നില്ലെന്നും, അങ്ങനെ സംഭവിച്ചാൽ ബി.ജെ.പി സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായി മാറുമെന്ന അപകടമുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നിരന്തരമായ പ്രതിപ്രവർത്തനം നടക്കുമ്പോഴാണ് ജനാധിപത്യം അർത്ഥപൂർണ്ണമാകുന്നത്.

മതേതര പാർട്ടികൾക്ക് നിലവിൽ ആദർശ വ്യതിയാനം സംഭവിക്കുന്നുണ്ടെന്നും സാമുദായിക പ്രീണനത്തിന് അവർ ശ്രമിക്കുന്നുണ്ടെന്നും സച്ചിദാനന്ദൻ വിമർശിച്ചു. കമ്യൂണിസ്റ്റുകൾ എപ്പോഴും ന്യൂനപക്ഷങ്ങളുടെ കൂടെയാണ് നിൽക്കേണ്ടത്. ഭൂരിപക്ഷ സമുദായത്തെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയായ നിലപാടല്ല. പാർട്ടികൾക്ക് തങ്ങളുടെ തെറ്റുകൾ തിരുത്താൻ അവസരം ലഭിക്കണമെങ്കിൽ അവർ പ്രതിപക്ഷത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹുസ്വരത നിലനിൽക്കുന്ന രാജ്യത്ത് സായുധ വിപ്ലവത്തേക്കാൾ ജനാധിപത്യം തന്നെയാണ് അടിസ്ഥാന തത്വമെന്നും അദ്ദേഹം വ്യക്തമാക്കി.

K Satchidanandan Reiterates Stand Against Incumbency Calls for Alternate Governance in Kerala

More Stories from this section

family-dental
witywide