നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വികാരാധീനനായി നിലപാടുകൾ വ്യക്തമാക്കിയത്. കണ്ണൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി പാർട്ടിയിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് സുധാകരന്റെ ഈ പ്രതികരണം. തന്റെ രാഷ്ട്രീയ ജീവിതത്തിൽ നേരിട്ട അവഗണനകളെക്കുറിച്ചും പാർട്ടിക്കായി നൽകിയ ത്യാഗങ്ങളെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വേദനിപ്പിക്കുന്നതാണെന്ന് സുധാകരൻ പറഞ്ഞു. കണ്ണൂരിലെ കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാൻ ചോരയും നീരും നൽകിയ തനിക്ക് നേരെ ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. അർഹമായ പരിഗണന ലഭിക്കാത്ത സാഹചര്യത്തിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുന്നതിനെക്കുറിച്ചും രാഷ്ട്രീയ വനവാസത്തെക്കുറിച്ചും അദ്ദേഹം പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്.
സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസ് നേതൃത്വത്തിലും അണികൾക്കിടയിലും വലിയ ചർച്ചയായിരിക്കുകയാണ്. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഹൈക്കമാൻഡ് തലത്തിൽ ആരംഭിച്ചതായാണ് വിവരം. കണ്ണൂർ സീറ്റിൽ സുധാകരൻ മത്സരിക്കണമെന്നാണ് ഭൂരിഭാഗം പ്രവർത്തകരും ആഗ്രഹിക്കുന്നത്. എന്നാൽ പാർട്ടിയിലെ ഒരു വിഭാഗം അദ്ദേഹത്തിനെതിരെ നിൽക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വരും ദിവസങ്ങളിൽ കെ സുധാകരൻ എടുക്കുന്ന തീരുമാനങ്ങൾ കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.
കെ സുധാകരന്റെ കുറിപ്പ്
കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല. ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്. ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്. കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ
ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി
കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും. എൻ്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്.
K Sudhakaran shares emotional Facebook post amid Kannur seat controversy













