
കഴക്കൂട്ടം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവരെ അയ്യപ്പൻ ശിക്ഷിക്കുമെന്ന് കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആനയറ മുല്ലൂർ ഭദ്രകാളി ക്ഷേത്രത്തിലെ മേൽശാന്തിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടത്തുന്ന പ്രചാരണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അയ്യപ്പനും ഭദ്രകാളിയും ശക്തിയുള്ള ദൈവങ്ങളാണെങ്കിൽ ഈ കള്ളപ്രചാരണം നടത്തുന്നവർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ പ്രധാനപ്പെട്ട ആയിരത്തോളം ക്ഷേത്രങ്ങളിൽ പോയിട്ടുള്ള തനിക്ക് ക്ഷേത്രങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് വ്യക്തമായ ബോധ്യമുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മതത്തെ രാഷ്ട്രീയ ലാഭത്തിനായി ബി.ജെ.പി. ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. പൂജാരിമാർ നൽകുന്ന തീർഥം താൻ ഭക്തിപൂർവം കുടിക്കാറുണ്ടെന്നും ഇതുവരെ ഒരു ക്ഷേത്രത്തിൽനിന്നും തനിക്കെതിരെ യാതൊരു പരാതിയും ഉയർന്നിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ആനയറ ക്ഷേത്രത്തിൽ ഒരു വിധത്തിലുള്ള ആചാരലംഘനവും നടന്നിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.













