ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യം, കണ്ഠരര് രാജീവരെ മെഡിക്കൽ കോളേജിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു

ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആദ്യം ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നടത്തിയ ഇസിജി ഉൾപ്പെടെയുള്ള പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

മെഡിക്കൽ കോളേജിലെ എംഐസിയു (MICU 1) വിഭാഗത്തിലാണ് അദ്ദേഹത്തെ നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹൃദയസംബന്ധമായ തകരാറുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ഡ്രോപ് ടെസ്റ്റ് (Trop Test) ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾക്ക് തന്ത്രിയെ വിധേയനാക്കി. ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും പരിശോധനാ ഫലങ്ങൾ വന്ന ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും ആശുപത്രി അധികൃതർ അറിയിച്ചു

അതേസമയം കണ്ഠരര് രാജീവരരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) റെയ്ഡ് നടത്തി. കേസിലെ നിർണായക തെളിവുകൾ ശേഖരിക്കുന്നതിന്റെയും രേഖകൾ കണ്ടെത്തുന്നതിനുമായാണ് അന്വേഷണ സംഘത്തിന്റെ ഈ നടപടി. ശബരിമലയിലെ സ്വർണ ഉരുപ്പടികൾ കടത്തിയതുമായി ബന്ധപ്പെട്ട് തന്ത്രിക്ക് നേരിട്ട് അറിവുണ്ടായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.

More Stories from this section

family-dental
witywide