
കണ്ണൂർ: കണ്ണൂരിൽ സർക്കാർ വകുപ്പായ പിആർഡി (പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ്) എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം.
അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിന്റെ പരാതിയാണ് പിആർഡി വാർത്താക്കുറിപ്പായി പ്രസിദ്ധീകരിച്ചത്. സുമേഷിനെതിരെ നടക്കുന്ന വ്യക്തിഹത്യാ ശ്രമങ്ങളെക്കുറിച്ചുള്ള പരാതിയാണ് വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇത് ഗുരുതരമായ ചട്ടലംഘനമാണെന്ന് കണ്ണൂർ ഡിസിസി ആരോപിച്ചു. അതേസമയം, മാധ്യമങ്ങൾക്ക് നൽകാൻ ഇലക്ഷൻ വിഭാഗം തയ്യാറാക്കി നൽകിയതാണെന്നാണ് കണ്ണൂർ പിആർഡിയുടെ വിശദീകരണം.
അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കൺവീനറുമായ കരീം ചേലേരിയാണ്. അദ്ദേഹം തളിപ്പറമ്പ് സി.എച്ച് സെന്ററിന്റെ ജനറൽ സെക്രട്ടറിയുമാണ്.
എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ മത്സരിക്കുന്നു. സംഭവത്തിൽ ഇടപെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ, ജില്ലാ കളക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്.











