പയ്യന്നൂരിലെ സി.പി.എം ഫണ്ട് വിവാദത്തിൽ പാർട്ടി നടപടി നേരിട്ട വി. കുഞ്ഞികൃഷ്ണന്റെ പുതിയ പുസ്തകത്തിലെ ടി.ഐ. മധുസൂദനൻ എം.എൽ.എയ്ക്കെതിരായ ഗുരുതര ആരോപണങ്ങളുടെ വിവരങ്ങൾ പുറത്ത്. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകത്തിൽ പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതിലും പാർട്ടി ഓഫീസിന്റെ ചിട്ടി നടത്തിപ്പിലും വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടന്നതായി അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ഫണ്ട് വെട്ടിപ്പ് പിടിക്കപ്പെട്ടപ്പോൾ അത് തിരുത്തുന്നതിന് പകരം തന്നെ ഒറ്റപ്പെടുത്താനാണ് പാർട്ടിയിലെ ഒരു വിഭാഗം ശ്രമിച്ചതെന്ന് കുഞ്ഞികൃഷ്ണൻ പുസ്തകത്തിൽ കുറ്റപ്പെടുത്തുന്നു.
‘പാര്‍ട്ടി ഏരിയ കമ്മിറ്റി’ എന്ന അധ്യായത്തിലാണ് വിമര്‍ശനം. പയ്യന്നൂരിലെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത് 2007ല്‍ മധുസൂദനന്‍ ഏരിയാ സെക്രട്ടറി ആയതുമുതലാണെന്ന് വ്യക്തമാക്കുന്നുണ്ട്. ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവാണ് മധുസൂദനന്‍, പയ്യന്നൂരിലെ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ നോക്കി, തനിക്ക് മേലെ ആരും വളരരുത് എന്നായിരുന്നു ചിന്ത എന്നതടക്കം അതിരൂക്ഷ വിമര്‍ശനമാണ് വി കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിയത്. വിഭാഗീയത തുടങ്ങിയത് അവിടെ നിന്നാണ് എന്നും എല്ലായിപ്പോഴും നേതൃത്വം മധുസൂദനനെ രക്ഷിച്ചുവെന്നും പുസ്തകത്തിലൂടെ വിമര്‍ശിക്കുന്നുണ്ട്.
പയ്യന്നൂർ ഏരിയ സെക്രട്ടറിയായിരുന്ന തന്നെ പുറത്താക്കിയ നടപടി തെറ്റായ കീഴ്വഴക്കമാണെന്നും പുസ്തകം നിരീക്ഷിക്കുന്നു. അഴിമതിക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും, പാർട്ടിക്കുള്ളിലെ പുഴുക്കുത്തുകൾ പുറത്തുകൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ടി.ഐ. മധുസൂദനന്റെ പേര് എടുത്തുപറഞ്ഞുള്ള ഈ വെളിപ്പെടുത്തലുകൾ കണ്ണൂരിലെ സി.പി.എമ്മിനുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
അഴിമതി തുറന്നുപറഞ്ഞതിന് തന്നെ ക്രൂശിച്ചവർക്കുള്ള മറുപടിയാണ് ഈ പുസ്തകമെന്ന് വി. കുഞ്ഞികൃഷ്ണൻ പറയുന്നു. പാർട്ടിയുടെ നന്മ ആഗ്രഹിക്കുന്നവർ ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച കൃത്യമായ കണക്കുകൾ ബോധ്യപ്പെടുത്തുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി.













