
തൃശൂരിൽ അഞ്ച് ദിനരാത്രങ്ങൾ നീണ്ടുനിന്ന കൗമാര കലയുടെ മാമാങ്കത്തിന് ആവേശകരമായ സമാപനം. ആതിഥേയരായ തൃശൂരിനെ അഞ്ച് പോയിന്റുകൾക്ക് പിന്നിലാക്കി കണ്ണൂർ ജില്ല 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണക്കപ്പ് തിരിച്ചുപിടിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുഖ്യാതിഥിയായെത്തിയ നടൻ മോഹൻലാൽ, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. 1023 പോയിന്റുകൾ നേടിയാണ് കണ്ണൂർ ഒന്നാമതെത്തിയത്. 1018 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനവും 1013 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ചു. കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് കാസര്‍കോട്ടെ സിയ ഫാത്തിമക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിലാണ് അഭിനന്ദിച്ചത്. യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ട സിയ ഫാത്തിമക്ക് വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി എച്ച് എസ് വിഭാഗം അറബിക് പോസ്റ്റര്‍ രചനാ മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. എന്നും ഓര്‍ത്തിരിക്കാൻ പറ്റുന്ന അനുഭവങ്ങളുടെ ഓര്‍മയാണ് കലോത്സവം സമ്മാനിക്കുന്നതെന്നും നമ്മുടെ എല്ലാ സ്വപ്നങ്ങളെയും യഥാര്‍ഥ്യമാക്കാൻ കരുത്തുള്ളവരാണ് ഈ കുട്ടികളെന്നും വിഡി സതീശൻ പറഞ്ഞു.
കലോത്സവം വെറുമൊരു മത്സരമല്ല, മറിച്ച് കലയുടെ വലിയൊരു ആഘോഷമാണെന്ന് മുഖ്യാതിഥിയായ മോഹൻലാൽ പറഞ്ഞു. ഇവിടെ ആരും പരാജിതരല്ലെന്നും വേദിയിൽ ലഭിക്കുന്ന അനുഭവങ്ങളാണ് വലുതെന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. സ്കൂൾ കലോത്സവ വേദികൾ മലയാള സിനിമയ്ക്ക് നൽകിയ വലിയ സംഭാവനകളെ കുറിച്ച് സംസാരിച്ച താരം, കുട്ടികളുടെ ആവേശത്തിന് മറുപടിയായി തന്റെ സിനിമാ ശൈലിയിൽ മീശ പിരിച്ചും കൈത്തറി ഖദർ വസ്ത്രത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയും സദസ്സിന്റെ കൈയടി നേടി. വടക്കുംനാഥനെ വണങ്ങിക്കൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, സ്പീക്കർ എ.എൻ. ഷംസീർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ നഷ്ടമായ കിരീടം ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കണ്ണൂർ തിരിച്ചുപിടിച്ചപ്പോൾ, സ്കൂൾ തലത്തിൽ പാലക്കാട് ജില്ലയിലെ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. അടുത്ത വർഷത്തെ കലോത്സവത്തിനായി വീണ്ടും കാണാമെന്ന ഉറപ്പോടെ പതിനായിരക്കണക്കിന് കലാപ്രതിഭകൾ തൃശൂരിനോട് വിടപറഞ്ഞു.













