
കോഴിക്കോട്: മുസ്‌ലിം ലീഗിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ഇടത് എംഎൽഎ കാരാട്ട് റസാഖ് രംഗത്തെത്തി. ഇപ്പോഴത്തെ അവസ്ഥ നരകത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ടതുപോലെയാണെന്നും ലീഗ് അംഗത്വം ലഭിച്ചപ്പോൾ സ്വർഗത്തിലെത്തിയതുപോലുള്ള സുഖമാണെന്നും അദ്ദേഹം പറഞ്ഞു. 51 തവണ വെട്ടുമെന്ന് അറിയാമെങ്കിലും 52-ാമത്തെ വെട്ടിൽ ലീഗുകാരും കോൺഗ്രസുകാരും ചേർന്ന് തന്നെ ഉയിർത്തെഴുന്നേൽപ്പിക്കുമെന്ന് റസാഖ് പ്രതികരിച്ചു. “10 വർഷവും 19 ദിവസവും നമ്മൾ പിരിഞ്ഞിരുന്നു. മെമ്പർഷിപ്പ് കിട്ടിയപ്പോൾ സ്വർഗ്ഗസുഖമാണ് അനുഭവപ്പെടുന്നത്. നരകത്തിൽ നിന്ന് ജീവനോടെ പുറത്തുകടന്ന അവസ്ഥയാണിപ്പോൾ. കൊടുവള്ളിയിൽ ഇനി ഒരു സ്വതന്ത്രനും ഉണ്ടാവരുത്,” എന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന് മതനിരപേക്ഷത നഷ്ടപ്പെട്ടുവെന്നും വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും റസാഖ് വിമർശിച്ചു. “എന്നെയും ചതിച്ചു. 2016-ൽ ബലാത്കാരമായി പിടിച്ച് താലികെട്ടിയതാണ്. കൊടുവള്ളിയുടെ വികസനം മുഹമ്മദ് റിയാസിനെ കൂട്ടുപിടിച്ച് പി.ടി.എ റഹിം അട്ടിമറിച്ചു. വികസനം തടസ്സപ്പെടുത്തിയതുകൊണ്ടാണ് ഈ നിലപാട് സ്വീകരിക്കേണ്ടിവന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെ ശക്തമായ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും പേടിപ്പിച്ച് വിരട്ടരുതെന്നും റസാഖ് പറഞ്ഞു.
ഞായറാഴ്ച പാണക്കാട്ടെത്തിയാണ് അദ്ദേഹം ലീഗ് അംഗത്വം സ്വീകരിച്ചത്. സിപിഎം സഹയാത്രികനായിരുന്ന താൻ വലിയ അവഗണന നേരിട്ടുവെന്നാണ് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നത്. അംഗത്വം വളരെ സന്തോഷപൂർവ്വം നൽകിയതാണെന്നും യാതൊരു ഉപാധികളുമില്ലാതെയാണ് റസാഖ് തിരിച്ചെത്തിയതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. സിപിഎം വിടാനുള്ള കാരണം ചോദിച്ചപ്പോൾ, “സിപിഎം ചേർത്തുപിടിക്കാനുള്ള സാഹചര്യങ്ങൾ മാറിപ്പോയല്ലോ” എന്നായിരുന്നു റസാഖിന്റെ മറുപടി. ഇടതുപക്ഷത്തിന്റെ മന്ത്രിമാർക്കും എംഎൽഎമാർക്കും മുൻ മന്ത്രിമാർക്കും പോലും നിലനിൽപ്പില്ലാത്ത സാഹചര്യത്തിൽ സഹയാത്രികർക്ക് പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിഗണനയ്ക്ക് പകരം അവഗണനയാണെന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു മറുപടി.














