
ബംഗളൂരു : ഡിജിപിയുടേതെന്ന് കരുതപ്പെടുന്ന ചില സ്വകാര്യ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ കർണാടക ഡിജിപി (സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റ്) കെ. രാമചന്ദ്ര റാവുവിനെതിരെ നടപടി.
ഒരു സർക്കാർ ഉദ്യോഗസ്ഥന് അനുയോജ്യമല്ലാത്ത പെരുമാറ്റവും സംസ്ഥാന ഭരണകൂടത്തിന് നാണക്കേടും ഉണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് കർണാടക സർക്കാർ തിങ്കളാഴ്ച ഡിജിപി (സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റ്) കെ. രാമചന്ദ്ര റാവുവിനെ അടിയന്തര പ്രാബല്യത്തോടെ സസ്‌പെൻഡ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.
ഡിജിപിയുടേതെന്ന് കരുതപ്പെടുന്ന ചില സ്വകാര്യ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസ് ആസ്ഥാനത്തെ തന്റെ ഓഫീസിനുള്ളിൽ വെച്ച് ഒന്നിലധികം സ്ത്രീകളോടൊപ്പമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഒരു സർക്കാർ ഉദ്യോഗസ്ഥന് ചേരാത്ത രീതിയിലുള്ള പെരുമാറ്റത്തിലൂടെ സർക്കാരിന് നാണക്കേടുണ്ടാക്കിയെന്നും അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നും സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് സസ്‌പെൻഷൻ.
എന്നാൽ, പ്രചരിക്കുന്നത് വ്യാജ വീഡിയോകളാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചവയാണെന്നുമാണ് രാമചന്ദ്ര റാവുവിന്റെ വാദം. മുമ്പ് ഇദ്ദേഹത്തിന്റെ മകളും നടിയുമായ രന്യ റാവു സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായതും വിവാദമായിരുന്നു. 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം വരുന്ന ജൂലൈ മാസത്തിൽ വിരമിക്കാനിരിക്കെയാണ് ഈ നടപടി നേരിടുന്നത്.
Karnataka DGP Ramachandra Rao suspended















