കരൂർ ദുരന്തം: വിജയുടെ ചോദ്യം ചെയ്യൽ കഴിഞ്ഞിട്ടില്ല, വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ തീരുമാനം; ജനുവരി 19 ന് ഹാജരാകാൻ പുതിയ നോട്ടീസ് നൽകി

തമിഴ്‌നാട് കരൂരിലെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ വൻ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. ജനുവരി 19-ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അന്വേഷണ സംഘം പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് വിജയ് ഹാജരായി മൊഴി നൽകിയിരുന്നു. എന്നാൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പൊങ്കൽ പ്രമാണിച്ച് 19-ന് ശേഷം ഹാജരാകാമെന്ന് വിജയ് അറിയിച്ചതനുസരിച്ചാണ് പുതിയ തീയതി നിശ്ചയിച്ചത്.

കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെയുടെ ആദ്യ രാഷ്ട്രീയ സമ്മേളനത്തിനിടെയുണ്ടായ തിരക്കിൽപ്പെട്ട് 41 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. സമ്മേളനത്തിന് ആവശ്യമായ അനുമതി വാങ്ങുന്നതിലോ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലോ പാർട്ടിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നതിലാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്.

അതേസമയം, ദുരന്തത്തിൽ തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്വമില്ലെന്ന നിലപാടിലാണ് വിജയ്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം റിട്ട. ജസ്റ്റിസ് അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ സിബിഐ അന്വേഷണം നടക്കുന്നത്. പാർട്ടിയുടെ മുതിർന്ന ഭാരവാഹികളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. വിജയ്‌യുടെ മൊഴി കൂടി പൂർത്തിയാകുന്നതോടെ കേസിൽ നിർണ്ണായകമായ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സിബിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

More Stories from this section

family-dental
witywide