‘3 തവണ തോറ്റു, സ്ഥിരമായി പരാജയപ്പെടുന്ന ആളെന്ന് എതിരാളികൾ പറയുമ്പോൾ ഹൃദയം നുറുങ്ങും’; വിതുമ്പി എം. ലിജു

ആലപ്പുഴ: കായംകുളത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വിതുമ്പി യുഡിഎഫ് സ്ഥാനാർഥിയായ അഡ്വ. എം. ലിജു. തിരഞ്ഞെടുപ്പിൽ സ്ഥിരമായി പരാജയപ്പെടുന്ന ആളെന്ന് എതിരാളികൾ പറയുമ്പോൾ ഹൃദയം നുറുങ്ങാറുണ്ടെന്നും, അതിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും, ആരോടും ക്ഷോഭിക്കാറുമില്ലെന്നും ലിജു പറഞ്ഞു. പരാജയങ്ങൾ തന്നെ കൂടുതൽ മെച്ചപ്പെടാൻ പഠിപ്പിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. തോൽവികൾക്ക് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ലിജു വേദിയിൽ വ്യക്തമാക്കി. വികാരാധീനനായാണ് ലിജു സംസാരിച്ചത്.
ഇത് തന്റെ നാലാമത്തെ തിരഞ്ഞെടുപ്പ് പോരാട്ടമാണെന്ന് ലിജു പറഞ്ഞു. മൂന്ന് തവണയും പരാജയപ്പെട്ടിട്ടുണ്ട്. ജനങ്ങളെ സേവിക്കാൻ ഒരവസരം നൽകണമെന്ന് അഭ്യർഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക അംഗീകരിച്ചത് കോൺ​ഗ്രസിന് ആശ്വാസമായി. പത്രികയിൽ യഥാർത്ഥ വരുമാനം കാണിച്ചില്ലെന്നും വിവരങ്ങൾ മറച്ചുവെച്ചെന്നും ആരോപിച്ച് എൽഡിഎഫ് നൽകിയ പരാതികൾ വരണാധികാരി തള്ളുകയായിരുന്നു. സതീശൻ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് കണ്ടാണ് പത്രിക സ്വീകരിച്ചത്. സൂക്ഷ്മപരിശോധനയ്ക്ക് തൊട്ടുമുമ്പ് എൽഡിഎഫ് സ്ഥാനാർഥി ടൈസൺ മാസ്റ്ററാണ് പരാതി നൽകിയത്.

പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനം പത്രികയിൽ കൃത്യമായി രേഖപ്പെടുത്തിയില്ല, അദ്ദേഹം ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് മേലുള്ള ട്രാഫിക് പിഴകളുടെ വിവരങ്ങളും കുടിശ്ശികയും പത്രികയിൽ ഉൾപ്പെടുത്തിയില്ല, കൈവശമുള്ള സ്വർണ്ണത്തിന്റെ കൃത്യമായ വിപണി മൂല്യം വിശദമാക്കിയില്ല എന്നിവയായിരുന്നു അവ. ആരോപണങ്ങൾ നിസ്സാരമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു യുഡിഎഫ് ക്യാമ്പിന്റെ ആദ്യ പ്രതികരണം. വൈകിട്ട് മൂന്ന് മണിയോടെ നടന്ന സൂക്ഷ്മപരിശോധനയിൽ സതീശന്റെ അഭിഭാഷകർ കൃത്യമായ രേഖകളും വിശദീകരണവും ഹാജരാക്കി. ഇത് പരിശോധിച്ച വരണാധികാരി പരാതികളിൽ കഴമ്പില്ലെന്ന് കണ്ട് പത്രിക സാധുവാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

Also Read

More Stories from this section

family-dental
witywide