ട്രക്കിങ്ങിനിടെ കര്‍ണാടകയിലെ കുടകില്‍ കാണാതായ മലയാളി യുവതി നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്താന്‍ ഇടപെട്ട് കെസി വേണുഗോപാൽ. തിരച്ചില്‍ ഊര്‍ജിതപ്പെടുത്താന്‍ ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിയുമായി കെസി വേണുഗോപാല്‍ സംസാരിച്ചു. തിരച്ചിലിന് എല്ലാ ആധുനിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തി. അതിനായി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ടീം രൂപീകരിക്കാനും ആവശ്യപ്പെട്ടു.
കര്‍ണാടക മുഖ്യമന്ത്രിയുമായി സ്ഥിതിഗതികളെ കുറിച്ചും ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും ചോദിച്ചറിഞ്ഞ കെസി വേണുഗോപാല്‍ കര്‍ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചു. ശരണ്യയുടെ അച്ഛനുമായും കെസി വേണുഗോപാല്‍ സംസാരിച്ചു. ശരണ്യയെ കണ്ടെത്താന്‍ കര്‍ണാടക സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
കോഴിക്കോട് നാദാപുരം സ്വദേശിനിയും, കൊച്ചിയില്‍ ഐ.ടി. കമ്പനി ജീവനക്കാരിയുമായ ജി.എസ്. ശരണ്യയെ ട്രക്കിങ്ങിനിടെ വ്യാഴാഴ്ച ഉച്ചയോടെ കാണാതായത്. ട്രക്കിങ്ങും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്ന ശരണ്യ കൊച്ചിയില്‍നിന്നാണ് കുടകിലെത്തിയത്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറുകയായിരുന്നു ലക്ഷ്യം. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ശരണ്യ താമസിച്ചത്.
ഹോംസ്റ്റേയിലെത്തിയ മറ്റുള്ളവര്‍ക്കൊപ്പം വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉള്‍പ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്റ്റേയില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഹോംസ്റ്റേ ജീവനക്കാരും, നാട്ടുകാരും വനപ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ, ശരണ്യയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്നാണ് നംവകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചത്.കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ തുടരുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. ഡ്രോണുകളും സ്നിഫര്‍ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. നക്സല്‍ വിരുദ്ധ സേനയും തിരച്ചില്‍ സംഘത്തിലുണ്ട്.
വടകര താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍ നിന്നു വിരമിച്ച വടക്കയില്‍ ഗോപിയുടെയും ഷൈലജയുടെയും മകളാണു ശരണ്യ. മകള്‍ രണ്ടാഴ്ച മുമ്പ് വീട്ടിലെത്തിയിരുന്നു എന്നും, തനിച്ച് ഇതിനുമുമ്പും ട്രക്കിങ്ങിനു പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു സംഭവം എന്നും പിതാവ് ഗോപി പറഞ്ഞു.
KC Venugopal speaks to Karnataka CM to intensify search for Saranya










