
തൃശ്ശൂർ: കോൺഗ്രസിന്റെ ഇത്തവണത്തെ സ്ഥാനാർഥിപ്പട്ടിക സാമാന്യം നല്ലതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എങ്കിലും അർഹതയുള്ള ഒട്ടേറെ പേരെ ഒഴിവാക്കേണ്ടി വന്നതായും അദ്ദേഹം സമ്മതിച്ചു. “അവരോട് നിങ്ങളെക്കൂടി ചേർത്തുനിർത്തിയേ മുന്നോട്ടുപോകൂ എന്നാണ് പാർട്ടി പറഞ്ഞിട്ടുള്ളത്. അവരുടെ സേവനം പാർട്ടി വിലമതിക്കുന്നുണ്ട്,” എന്ന് വേണുഗോപാൽ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ രൂപീകരിക്കുന്ന പക്ഷം ഒഴിവാക്കപ്പെട്ടവരെയും ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് താൻ എത്തുമോ എന്ന ചോദ്യത്തിന് വേണുഗോപാൽ മറുപടി നൽകി: “പത്തു നാൽപ്പത്തെട്ട് വർഷമായി രാഷ്ട്രീയത്തിലുണ്ട്. എട്ടാം ക്ലാസിൽ കെഎസ്‌യുവിന്റെ സ്ഥാനാർഥിയായി തുടങ്ങിയതാണ്. പാർട്ടി എന്നെ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത സ്ഥാനങ്ങളിലാണ് ഇരുത്തിയത്. ഒന്നും ഞാൻ ആവശ്യപ്പെട്ട് വന്നതല്ല. കഴിഞ്ഞ ദിവസങ്ങളിൽ ആറ് ജില്ലകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കവർ ചെയ്തു. ഓരോ മണ്ഡലത്തിലും ഒരു സ്ഥാനാർഥിയെ മാത്രമേ നിർത്താൻ കഴിയൂ. എന്നാൽ സ്ഥാനാർഥിത്വത്തിന് അർഹരായ നിരവധി പേരുണ്ട്. 24 മണിക്കൂറും പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത് മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്.
അവർക്ക് ടിക്കറ്റ് ലഭിക്കാതെ പോകുമ്പോഴും, പാർട്ടി നേതൃത്വം ഒരു വാക്ക് പറഞ്ഞാൽ മനസ്സിലാക്കി വിഷമം മനസ്സിലൊതുക്കി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ രംഗത്തിറങ്ങുന്നവരാണ് യഥാർഥ കോൺഗ്രസുകാർ. അത്തരം പ്രവർത്തകരെ ചേർത്തുനിർത്തുക എന്നതാണ് എന്റെ സന്തോഷം. മുഖ്യമന്ത്രി കസേരയല്ല,” എന്ന് വേണുഗോപാൽ പറഞ്ഞു. കണ്ണൂരിൽ മത്സരിക്കണമെന്ന് കെ. സുധാകരനും, കോന്നിയിൽ മത്സരിക്കണമെന്ന് അടൂർ പ്രകാശും ആഗ്രഹം പ്രകടിപ്പിച്ചത് സത്യമാണെന്നും, അതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.















