പ്രവാസി വോട്ടർമാരെ എത്തിക്കാൻ കനത്ത പ്രതിസന്ധി നേരിട്ട് മുന്നണികൾ; യുദ്ധപ്രതിസന്ധിയും ടിക്കറ്റ് നിരക്ക് വർധനയും കാര്യമായി ബാധിച്ചു, വോട്ടുകൾ കുറയും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവാസി വോട്ടുകൾ പോൾ ചെയ്യുന്നതിലെ അനിശ്ചിതത്വം രാഷ്ട്രീയ മുന്നണികളെ ആശങ്കയിലാഴ്ത്തുന്നു. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പാടാക്കി പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ യുദ്ധസാഹചര്യം യാത്രകളെ ഗുരുതരമായി ബാധിച്ചിരിക്കുന്നു.
ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതോടെ സാധാരണ പ്രവാസികൾക്ക് നാട്ടിലെത്തുക വളരെ പ്രയാസകരമായിരിക്കുകയാണ്. മുൻപ് 13,000 രൂപ മാത്രമുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ ഒരു ലക്ഷം രൂപ വരെ ഉയർന്നതായി കെ.എം.സി.സി ചൂണ്ടിക്കാട്ടുന്നു.

ഇതിനു പുറമെ, നേരിട്ടുള്ള വിമാന സർവീസുകളുടെ കുറവും യാത്രയ്ക്ക് വേണ്ടി എടുക്കേണ്ട അധിക സമയവും പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ടിക്കറ്റ് നിരക്ക് വർധനവിനൊപ്പം, മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കപ്പെടുന്ന സാഹചര്യവും പ്രവാസികൾക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. മുൻപ് സംഘടനകൾ സജീവമായി ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കിയിരുന്നെങ്കിലും, ഇത്തവണ ചെലവ് വൻതോതിൽ വർധിച്ചതിനാൽ അത് പ്രായോഗികമല്ലാതായി. ഒരു വിമാനം ചാർട്ടർ ചെയ്യാൻ ഏകദേശം ഒരു കോടി രൂപ വരുന്നത് കൊണ്ട്, മുൻപ് എത്തിച്ചിരുന്നതിന്റെ പകുതിയോളം പേരെ മാത്രമേ ഇത്തവണ നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

പ്രവാസി വോട്ടർമാരുടെ എണ്ണത്തിലുണ്ടാകുന്ന ഈ കുറവ് തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്. സംസ്ഥാനത്ത് ആകെ 2,23,558 പ്രവാസി വോട്ടർമാരുണ്ട്. ഇതിൽ ആയിരത്തിലധികം പ്രവാസി വോട്ടർമാരുള്ള 47 മണ്ഡലങ്ങൾ കേരളത്തിലുണ്ട്. ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ള മണ്ഡലം കുറ്റ്യാടിയാണ്, അവിടെ 16,002 പേരുണ്ട്. നാദാപുരം (12,424), തിരൂർ (8,601) എന്നീ മണ്ഡലങ്ങളിലും പ്രവാസി വോട്ടർമാരുടെ എണ്ണം ഗണ്യമായതാണ്.

More Stories from this section

family-dental
witywide