തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം നാളെ അവസാനിക്കുന്നു, 3 മുന്നണികളും ആത്മവിശ്വാസത്തിൽ

കേരള നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ 9നു നടക്കാനിരിക്കെ പരസ്യ പ്രചാരണം നാളെ സമാപിക്കും. എൽഡിഎഫും യുഡിഎഫും എൻഡിഎയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തങ്ങൾക്ക് മേൽക്കൈ നൽകുന്ന നിരവധി ഘടകങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണം പൊടിപൊടിക്കുന്നത്.

10 വർഷത്തെ ഭരണ നേട്ടങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് ഉയർത്തികാട്ടി മുഖ്യമന്ത്രി പിണറായി നയിക്കുന്ന ഇടതു മുന്നണി വീണ്ടും ഭരണത്തിലേക്ക് കയറും എന്ന ഉറച്ചു വിശ്വാസത്തിലാണ്. സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരവും വിമർശനങ്ങളും വികസനക്കണക്ക് നിരത്തി തടയാനായി എന്നാണ് എൽഡിഎഫ് വിശ്വാസം. ഭരണനേട്ടങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് പിണറായി വിജയൻ ഇന്ന് കേരളത്തിനു മുമ്പിൽ അവതരിപ്പിച്ചു. പ്രകടന പത്രിക മത്രമല്ല പ്രോഗസ് റിപ്പോർട്ടും അവതരിപ്പിച്ച് അവസാന ലാപ്പിൽ ജനമനസ്സിൽ ഇടം നേടാനാണ് ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. 42 മണ്ഡലങ്ങളിൽ ഇതുവരെ പിണറായി എത്തിയിട്ടുണ്ട്. കരുത്തുറ്റ മൽസരം നടക്കുന്ന 80 മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ശ്രദ്ധ കേന്ദ്രീകരിച്ചു. സർക്കാർ വിരുദ്ധ തരംഗം നിലനിൽക്കുന്നില്ല എന്ന് മുന്നണി കരുതുന്നു, കാരണം പുറത്തുവന്ന സർവേകളിൽ ഒന്നുപോലും എൽഡിഎഫിൻ്റെ തകർച്ച പ്രവചിക്കുന്നില്ല.

ശബരിമല സ്വർണകൊള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു തിരിച്ചടി ആയിരുന്നു എങ്കിലും ഇപ്പോൾ അത് അത്രമാത്രം ബുദ്ധിമുട്ടിക്കുന്നില്ല എന്നാണ് വിലയിരുത്തൽ. ബിജെപിയുമായി ഡീലുണ്ടെന്ന ആരോപണവും എസ്ഡിപിഐ പിന്തുണ വിഷയവും സമർഥമായി മറികടന്നു എന്നു എൽഡിഎഫ് കരുതുന്നു. വയനാട് ഫണ്ട് വിഷയത്തിൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കാൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് ഇടതു പാളയം.

ഗ്യാരൻ്റികൾ വോട്ടാക്കാൻ യുഡിഎഫ്

ഇന്ദിരാ ഗ്യാരൻ്റികൾ ജനങ്ങൾക്ക് ഇടയിൽ ചർച്ചയാക്കാൻ സാധിച്ചെന്നും അത് വോട്ടായി മാറുമെന്നുമാണ് യുഡിഎഫ് കണക്കുകൂട്ടൽ. സംസ്ഥാനം മുഴുവൻ യുഡിഎഫ് തരംഗം നിലനിൽക്കുന്നു എന്നാണ് മുന്നണിയുടെ വാദം. സ്ത്രീകൾക്ക് സൌജന്യ സെഎസ്ആർടിസി യാത്ര, ഒരു കുടുംബത്തിന് 25 ലക്ഷത്തിൻ്റെ ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ എല്ലാം കുടുംബങ്ങളുടേയും ക്ഷേമത്തിന് ഉതുകുന്നതെല്ലാം 5 ഇന്ദിരാഗ്യാരണ്ടികളിലൂടെ യുഡിഎഫ് ഉറപ്പാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് 100 മുകളിൽ സീറ്റ് യുഡിഎഫ് കടക്കുമെന്നുമാണ് യുഡിഎഫ് വിശ്വാസം. ഗ്യാരണ്ടികൾ വെറുംവാക്കല്ല എന്ന് വിശ്വസിപ്പിക്കാൻ ഇതു നടപ്പാക്കി വിജയിച്ചു നടപ്പാക്കിയ സംസ്ഥാനങ്ങളിലെ മന്ത്രിമാരെയടക്കം താര പ്രചാരകരായി രംഗത്തിറക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും കേരളത്തിൽ പ്രചാരണത്തിന് എത്തി. ഗ്യാരൻ്റികൾ വിശദീകരിക്കുന്ന ലഘുലേഖകൾ എല്ലാ വീടുകളിലും ഈ രണ്ടു ദിവസങ്ങളിലായി എത്തിക്കാനാണ് യുഡിഎഫ് ശ്രമം. ബിജപി – സിപിഎം ഡീൽ, എസ്ഡിപിഐ ഇടതു പിന്തുണ വിഷയങ്ങളും യുഡിഎഫിന് സംസ്ഥാനത്ത് നല്ല രീതിയിൽ ചർച്ചയാക്കാനും സാധിച്ചിട്ടുണ്ട്. തുടക്കത്തിൽ സീറ്റുമായി ബന്ധപ്പെട്ട് ചില നേതാക്കളുടെ നിലപാടുകൾ കോൺഗ്രസിൻ്റെ ശോഭക്ക് മങ്ങലേൽപ്പിച്ചു എങ്കിലും പിന്നീട് എല്ലാവരും ഒറ്റകെട്ടായി മുന്നേറുന്ന കാഴ്ചയാണ് കേരളം കണ്ടത്. സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനെ പോലുള്ള നേതാക്കളെ പാർട്ടിക്ക് പുറത്തെത്തിച്ചതും യുഡിഎഫ് തന്ത്രം തന്നെ.

മോദി ഗ്യാരൻ്റിയുമായി ബിജെപി

യുഡിഎഫും എൽഡിഎഫും രണ്ടല്ല ഒന്നാണ് എന്ന പ്രചാരണം ശക്തമാക്കിയായിരുന്നു എൻഡിഎയുടെ പ്രചാരണം. മോദി ഗ്യാരൻ്റി എന്ന പ്രചാരണം ജനങ്ങളിലേക്ക് എത്തിക്കാനായി എന്ന് ബിജെപി കരുതുന്നു. തൃശൂർ ലോക്സഭ മണ്ഡലത്തിലേയും തിരുവനന്തപുരം കോർപറേഷനിലേയും വിജയം വഴി ബിജെപി കേരളത്തിൽ ജയിക്കുന്ന പാർട്ടിയാണെന്ന് തെളിയിക്കാനായെന്നും ജനങ്ങൾക്ക് ബിജെപിയോട് ഉണ്ടായിരുന്ന അകൽച്ച ഇപ്പോൾ ഇല്ലെന്നും ബിജെപി അവകാശപ്പെടുന്നു. 30 മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രികോണ മൽസരം കാഴ്ചവയ്ക്കാൻ ബിജെപി ക്ക് സാധിച്ചിട്ടുണ്ട്. വോട്ടുവിഹിതം വർധിപ്പിക്കുകയല്ല, ചില മണ്ഡലങ്ങളിലെങ്കിലും ജയിക്കുകയാണ് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം. ചില മണ്ഡലങ്ങളിൽ ബിജെപി – സിപിഎം ഡീൽ ആരോപണം കോൺഗ്രസ് ഉയർത്തിയിട്ടുണ്ടെങ്കിലും ബിജെപി ആ പ്രചാരണത്തിൽ കൊത്തിയില്ല. പ്രധാനമന്ത്രി മോദി, അമിത്ഷാ, രാജ്നാഥ് സിങ് തുടങ്ങിയ പ്രമുഖരെല്ലാം എത്തി ബിജെപി പ്രചാരണത്തിനായി എന്നതും ശ്രദ്ധേയമാണ്. എന്നാൽ ശബരിമല വലിയ വിഷയമാക്കി ഉയർത്തിയിട്ടില്ല ബിജെപി. കേരളത്തിൽ ത്രിശങ്കു സഭ വന്നാൽ തങ്ങളുടെ പ്രസക്തി അവഗണിക്കാനാവില്ല എന്ന പ്രതീക്ഷയിലാണ് ബിജെപി.

Kerala Assembly election campaign to end tomorrow

More Stories from this section

family-dental
witywide