നാടെങ്ങും ആഘോഷം, കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ; നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന മണിക്കൂറിൽ

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറുമണിയോടെ സമാപിക്കും. മൂന്നാഴ്ച നീണ്ടുനിന്ന വാശിയേറിയ പ്രചാരണത്തിനൊടുവിൽ റോഡ് ഷോകളും റാലികളുമായി സ്ഥാനാർത്ഥികൾ അവസാനവട്ട വോട്ടഭ്യർത്ഥനയിൽ മുഴുകിയിരിക്കുകയാണ്. പ്രധാന മണ്ഡലങ്ങളിലെല്ലാം വമ്പിച്ച കൊട്ടിക്കലാശത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. നാളെ നിശബ്ദ പ്രചാരണവും മറ്റന്നാൾ വോട്ടെടുപ്പും നടക്കും.

തിരുവനന്തപുരത്തെ വട്ടിയൂർക്കാവ്, നേമം തുടങ്ങിയ പ്രധാന മണ്ഡലങ്ങളിൽ ചെണ്ടമേളങ്ങളും നിശ്ചലദൃശ്യങ്ങളുമായി പ്രവർത്തകർ ആവേശക്കൊടുമുടിയിലാണ്. ഓരോ മുന്നണിയും തങ്ങളുടെ ശക്തിപ്രകടനം നടത്തി വോട്ടർമാരെ ആകർഷിക്കാനുള്ള അവസാന ശ്രമത്തിലാണ്. ഇത്തവണ ദേശീയ നേതാക്കളുടെ സാന്നിധ്യം പ്രചാരണരംഗത്ത് വലിയ ഓളമുണ്ടാക്കിയിരുന്നു. സുൽത്താൻ ബത്തേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോ ഇതിന് ഉദാഹരണമാണ്.

അതേസമയം, ചിലയിടങ്ങളിൽ കൊട്ടിക്കലാശത്തിന് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രളയ വിഷയത്തിലെ പ്രതിഷേധസൂചകമായി തിരുവല്ലയിൽ യുഡിഎഫ് കൊട്ടിക്കലാശം ഒഴിവാക്കി കുത്തിയിരുന്ന് പ്രതിഷേധിക്കും. പുതുപ്പള്ളിയിൽ കൊട്ടിക്കലാശത്തിന് മാറ്റിവെച്ച തുക കൊണ്ട് വീട് നിർമ്മിച്ചു നൽകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ അറിയിച്ചു. മറ്റ് മണ്ഡലങ്ങളിലെല്ലാം ആഘോഷപൂർവ്വമായ സമാപനത്തിനാണ് മുന്നണികൾ തയ്യാറെടുക്കുന്നത്.

സംസ്ഥാനത്തെ 2.71 കോടി വോട്ടർമാരാണ് മറ്റന്നാൾ വിധിയെഴുതുക. 95 ശതമാനം പോസ്റ്റൽ വോട്ടുകളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൽഡിഎഫും ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫും കരുത്ത് തെളിയിക്കാൻ എൻഡിഎയും വലിയ പ്രതീക്ഷയിലാണ്. വൈകിട്ട് ആറുമണിക്ക് ശേഷം പരസ്യമായ വോട്ടഭ്യർത്ഥനയോ പ്രകടനങ്ങളോ അനുവദിക്കില്ല.

Kerala Assembly Election: Public Campaign Ends Today with Massive Final Rallies Across State

More Stories from this section

family-dental
witywide